തിരുവനന്തപുരം: ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മയില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഒരുമയുടെയും സന്ദേശമുയർത്തി ലോകമെമ്പാടുമുള്ള ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധ പള്ളികളിൽ ഇന്നലെ അര്‍ധരാത്രി മുതൽ തന്നെ പ്രത്യേക പ്രാർത്ഥനകളും പാതിരാകുർബാനയും നടന്നു. തിരുവനന്തപുരം, കൊച്ചി, കോട്ടയം തുടങ്ങിയ നഗരങ്ങളിലെ കത്തീഡ്രലുകളിൽ നിരവധി വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുത്തു.
ക്രിസ്മസിനെ വരവേല്‍ക്കുന്നതിനായി വീടുകളിലും നഗരവീഥികളിലും വർണ്ണാഭമായ നക്ഷത്രങ്ങളും പുൽക്കൂടുകളും നേരത്തെ തന്നെ ഒരുക്കിയിരുന്നു. വലിയ ക്രിസ്മസ് മരങ്ങളും വൈദ്യുതാലങ്കാരങ്ങളും മാറ്റ് കൂട്ടി. സൗഹൃദത്തിന്റെ മധുരം പങ്കുവെച്ചും കരോൾ ഗാനങ്ങൾ ആലപിച്ചും കേരളത്തില്‍ ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്.
ദേവാലയങ്ങളില്‍ പോയി പ്രാര്‍ത്ഥിച്ചും, വീടുകളിൽ കേക്ക് മുറിച്ചും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിച്ച് സമ്മാനങ്ങള്‍ കൈമാറിയുമാണ് മലയാളിയുടെ ക്രിസ്മസ് ആഘോഷം. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ തുടങ്ങിയവര്‍ ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു.സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും തിളക്കമാര്‍ന്ന സന്ദേശങ്ങളുമായി വീണ്ടുമൊരു ക്രിസ്മസ് എത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരസ്പര സ്‌നേഹത്തിനും വിശ്വാസത്തിനും അടിയുറച്ച് ലോകത്തെ പരിവര്‍ത്തനപ്പെടുത്താന്‍ സ്വന്തം ജീവിതം സമര്‍പ്പിച്ച ക്രിസ്തുവിന്റെ ഓര്‍മ പുതുക്കുന്ന ഈ ദിനം മാനവരാശിക്ക് എന്നും പ്രചോദനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്രിസ്മസ് ദിനത്തിൻ്റെ പ്രാധാന്യം
യേശു ക്രിസ്തുവിന്റെ തിരുപിറവി ഓർമ്മപ്പെടുത്തിയുള്ള ആഘോഷമാണ് ക്രിസ്‍മസ്. ക്രിസ്തുമത വിശ്വാസികളെ സംബന്ധിച്ചാകട്ടെ പള്ളികളിലെ പാതിരാ കുർബാന അടക്കുള്ള സവിശേഷമായ ചടങ്ങുകൾകൂടി ചേർന്നാൽ മാത്രമെ ക്രിസ്മസ് എന്ന പുണ്യദിനം പൂർണമാകു. ബെത് ലഹേമിലെ കാലിത്തൊഴുത്തിലായിരുന്നു യേശു ക്രിസ്തുവിൻ്റെ ജനനം. എളിമയുടെയും വിനയത്തിന്റെയും സന്ദേശം പകർന്നുകൊണ്ടാണ് യേശു ഭൂമിയിലേക്ക് പിറന്നുവീണത്.എല്ലാ വർഷവും ഡിസംബർ 25നാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. ഈ വർഷം ക്രിസ്മസ് ആഘോഷിക്കുന്നത് വ്യാഴാഴ്ച ആണ്. അന്നേ ദിവസം നിരവധി പരിപാടികളും, മതപരമായ പ്രാർത്ഥനകളും നടക്കാറുണ്ട്. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഡിസംബർ 25 നാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. എന്നാൽ ജൂലിയൻ കലണ്ടർ പിന്തുടരുന്ന ചില കിഴക്കൻ രാജ്യങ്ങളിൽ ജനുവരി ഏഴിനാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. പരസ്‌പരം സമ്മാനങ്ങൾ കൈമാറിയും ഭക്ഷണങ്ങൾ പുതുക്കിയും ആശംസ കാർഡുകൾ നേർന്നും സ്‌നേഹത്തിൻറെയും പ്രത്യാശയുടേയും പ്രതീകമായ ക്രിസ്‌മസ് നാം ആഘോഷിക്കുന്നത്.