ശബരിമല സ്വർണ്ണക്കൊള്ള കേസ്; എസ്ഐടി സംഘം ബെല്ലാരിയിൽ


24, December, 2025
Updated on 24, December, 2025 67


തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക  നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം. കേസിലെ പ്രതി ഗോവർധന്റെ ഉടമസ്ഥതയിലുള്ള കർണാടക ബെല്ലാരിയിലെ ‘റൊഡ്ഡം ജ്വല്ലറി’യിൽ എസ്ഐടി സംഘം പരിശോധന നടത്തി. നേരത്തെ നടത്തിയ റെയ്ഡിൽ ഇവിടെ നിന്ന് സ്വർണം കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സംഘം വീണ്ടും ബെല്ലാരിയിൽ എത്തിയത്.


അതേസമയം, കേസിലെ മറ്റൊരു പ്രധാന കണ്ണിയായ ഡി. മണിയെ പിടികൂടാൻ സംഘം ചെന്നൈയിലെത്തി. ഡി. മണി എന്നത് വ്യാജപ്പേരാണെന്നാണ് പോലീസിന്റെ നിഗമനം. ഇയാളെ ചോദ്യം ചെയ്യുന്നതോടെ സ്വർണ്ണക്കടത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.




മുൻകൂർ ജാമ്യം തേടി മുൻ അംഗങ്ങൾ അറസ്റ്റ് സാധ്യത മുന്നിൽക്കണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ കെ.പി. ശങ്കർദാസും എൻ. വിജയകുമാറും കൊല്ലം വിജിലൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. എ. പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിലെ അംഗങ്ങളായിരുന്നു ഇരുവരും. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളികൾ കൈമാറിയതടക്കമുള്ള കാര്യങ്ങളിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു.


അന്വേഷണം ശങ്കർദാസിലേക്കും വിജയകുമാറിലേക്കും എത്താത്തതിൽ ഹൈക്കോടതി എസ്ഐടിയെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ പത്മകുമാറും സമാനമായ മൊഴി നൽകിയതോടെയാണ് ഇരുവരും നിയമസഹായം തേടിയത്. സ്വർണക്കൊള്ളയിൽ ബോർഡ് അംഗങ്ങളുടെ കൂട്ടുത്തരവാദിത്തം വ്യക്തമാക്കുന്ന തെളിവുകൾ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം.




Feedback and suggestions