24, December, 2025
Updated on 24, December, 2025 56
തിരുവനന്തപുരം: പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേക്കാൻ കനകക്കുന്നില്‍ ‘വസന്തോത്സവം’ ആരംഭിക്കുന്നു. പുഷ്പങ്ങളുടെയും മനോഹരമായ ദീപാലങ്കാരങ്ങളുടെയും വര്‍ണാഭമായ കാഴ്ചകളൊരുക്കി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പുഷ്പമേളയും, ന്യൂ ഇയര്‍ ലൈറ്റ് ഷോയും ഇന്ന് വൈകിട്ട് ആറിന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ അനുകുമാരി, എംപിമാരായ ശശി തരൂര്‍, എ.എ. റഹീം, വി.കെ. പ്രശാന്ത് എംഎല്‍എ, കൗണ്‍സിലര്‍ കെ.ആര്‍. ക്ലീറ്റസ്, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, അഡീഷണല്‍ ഡയറക്ടര്‍ ശ്രീധന്യ സുരേഷ്, ഡി.ടി.പി.സി സെക്രട്ടറി സതീഷ് മിറാണ്ട എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
‘ഇലുമിനേറ്റിംഗ് ജോയ്, സ്പ്രെഡ്ഡിംഗ് ഹാര്‍മണി’ എന്ന ആശയത്തിലാണ് ഈ വര്‍ഷത്തെ ലൈറ്റ് ഷോ ഒരുക്കിയിരിക്കുന്നത്. കേരളം ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെയും സാമൂഹിക ഐക്യത്തിന്റെയും സന്ദേശമാണ് ആഘോഷങ്ങളിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത്. കനകക്കുന്ന് കൊട്ടാരവും പരിസരങ്ങളും വൈവിധ്യമാര്‍ന്ന ഇലുമിനേഷനുകളും ലൈറ്റ് ഇന്‍സ്റ്റലേഷനുകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 35,000 ത്തിലധികം പൂച്ചെടികളാണ് വസന്തോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. 8,000 ത്തിലധികം ക്രിസാന്തെമം ചെടികള്‍ ഉള്‍പ്പെടുത്തിയ ക്രിസാന്തെമം ഫെസ്റ്റിവല്‍ ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണമാണ്. ഇതിനോടൊപ്പം തന്നെ കനകക്കുന്ന് കൊട്ടാരത്തില്‍ പുഷ്പാലങ്കാര പ്രദര്‍ശനവും മത്സരവും സംഘടിപ്പിക്കുന്നുണ്ട്.
ഫ്ലവര്‍ ഷോയ്ക്ക് പുറമെ ട്രേഡ് ഫെയര്‍, ഫുഡ് കോര്‍ട്ട്, അമ്യൂസ്മെന്റ് പാര്‍ക്ക്, കലാപരിപാടികള്‍ എന്നിവയും വസന്തോത്സവത്തിന്റെ ഭാഗമായിരിക്കും. മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ് ജനുവരി 4 വരെ നടക്കുന്ന പരിപാടിയിലേക്ക് പ്രവേശന ഫീസായി നിശ്ചയിച്ചിട്ടുളളത്. ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.