23, December, 2025
Updated on 23, December, 2025 11
റഷ്യയുടെ കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ വിയർക്കുന്ന യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്‌കി ഒടുവിൽ ആ സത്യം സമ്മതിച്ചിരിക്കുന്നു, തന്റെ സൈന്യത്തെ പോറ്റാൻ യുക്രെയ്‌നിന്റെ പക്കൽ പണമില്ല! യുദ്ധം കഴിഞ്ഞാലും ലക്ഷക്കണക്കിന് സൈനികരെ നിലനിർത്താൻ പാശ്ചാത്യ രാജ്യങ്ങൾ പണം നൽകണമെന്ന വിചിത്ര വാദവുമായി സെലെൻസ്‌കി രംഗത്തെത്തുമ്പോൾ, രാജ്യം ഒരു പരാജയപ്പെട്ട ഭരണകൂടമായി മാറിയെന്ന യാഥാർത്ഥ്യമാണ് പുറത്തുവരുന്നത്. രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ല് തകർന്നിട്ടും അധികാരം വിട്ടൊഴിയാതെ വിദേശ സഹായത്തിനായി കൈനീട്ടുന്ന സെലെൻസ്‌കിയുടെ നിലപാട് രാജ്യാന്തര തലത്തിൽ തന്നെ പരിഹാസ്യമാവുകയാണ്.
8,00,000 പേരടങ്ങുന്ന ഒരു വലിയ സൈന്യത്തെ നിലനിർത്താൻ യുക്രെയ്‌നിന് കഴിയില്ലെന്ന് മാധ്യമപ്രവർത്തകർക്ക് മുന്നിൽ സെലെൻസ്‌കിക്ക് തുറന്നു സമ്മതിക്കേണ്ടി വന്നു. “ഒരു വെടിനിർത്തൽ ഉണ്ടായാൽ യുക്രെയ്നിന് അത്തരമൊരു സൈന്യത്തിന് സ്വതന്ത്രമായി ധനസഹായം നൽകാൻ കഴിയുമോ? ഇല്ല, അത് സാധ്യമല്ല. ഞങ്ങൾക്ക് സാമ്പത്തിക സ്രോതസ്സുകളില്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. സ്വന്തം രാജ്യത്തിന്റെ സുരക്ഷയ്ക്കായി പോലും വിദേശ രാജ്യങ്ങളുടെ ഔദാര്യം കാത്തുനിൽക്കേണ്ടി വരുന്ന ഒരു നേതാവിന്റെ നിസ്സഹായതയാണിവിടെ വെളിവാകുന്നത്.
നിലവിൽ 8,80,000 സൈനികർ യുക്രേനിയൻ സേനയിലുണ്ടെന്നാണ് കണക്ക്. എന്നാൽ അമേരിക്കയുടെ സമാധാന മാർഗരേഖ പ്രകാരം ഇത് 6,00,000 ആയി കുറയ്ക്കണമെന്നാണ് നിർദ്ദേശം. ഇതിനിടയിലാണ് റഷ്യൻ ഭീഷണിയെന്ന ‘അസംബന്ധം’ ഉയർത്തിക്കാട്ടി 8,00,000 സൈനികർ വേണമെന്ന് സെലെൻസ്‌കി വാശിപിടിക്കുന്നത്. സൈന്യത്തിന്റെ ഭീമമായ ചിലവ് പാശ്ചാത്യ രാജ്യങ്ങൾ വഹിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ യൂറോപ്യൻ രാജ്യങ്ങൾ പോലും ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. റഷ്യൻ ആസ്തികൾ ഉപയോഗിച്ച് വായ്പ നൽകാനുള്ള നീക്കം പരാജയപ്പെട്ടതോടെ, യൂറോപ്യൻ നികുതിദായകർക്ക് മേൽ ഭീമമായ ബാധ്യത കെട്ടിവെക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്.
യുക്രെയ്ൻ തകർച്ചയുടെ വക്കിൽ നിൽക്കുമ്പോൾ, റഷ്യൻ പ്രതിനിധി കിറിൽ ദിമിത്രേവ് മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥരുമായി മിയാമിയിൽ നടത്തുന്ന ചർച്ചകൾ ഏറെ ശ്രദ്ധേയമാണ്. ആദ്യ ദിവസത്തെ ചർച്ചകൾ “സൃഷ്ടിപരം” എന്നാണ് റഷ്യ വിശേഷിപ്പിച്ചത്. യുക്രെയ്‌നിന്റെ നാറ്റോ മോഹങ്ങൾ ഉപേക്ഷിക്കണമെന്നും പുതിയ പ്രാദേശിക യാഥാർത്ഥ്യങ്ങൾ അംഗീകരിക്കണമെന്നുമുള്ള റഷ്യയുടെ ന്യായമായ ആവശ്യങ്ങൾ ഇപ്പോൾ വലിയ ചർച്ചയാകുന്നുണ്ട്. റഷ്യ ഉയർത്തുന്ന ഈ സമാധാന നിർദ്ദേശങ്ങൾ അംഗീകരിക്കുന്നതിന് പകരം, യുദ്ധം നീട്ടിക്കൊണ്ടുപോകാനാണ് സെലെൻസ്‌കിയും യൂറോപ്യൻ യൂണിയനും ശ്രമിക്കുന്നതെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് കുറ്റപ്പെടുത്തി.
ജനങ്ങളുടെ ജീവനും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയും പണയം വെച്ച് അധികാരം നിലനിർത്താൻ ശ്രമിക്കുന്ന ഒരു ഭരണാധികാരിയായി സെലെൻസ്‌കി മാറിയിരിക്കുന്നു. റഷ്യ മുന്നോട്ടുവെക്കുന്ന സമാധാന പാത സ്വീകരിക്കുന്നതിന് പകരം, അന്യരാജ്യങ്ങളുടെ പണം കൊണ്ട് സൈന്യത്തെ വളർത്താമെന്ന മോഹം യുക്രെയ്‌നിനെ കൂടുതൽ വലിയ നാശത്തിലേക്കാണ് നയിക്കുക. റഷ്യയുടെ കരുത്തും തന്ത്രപരമായ നീക്കങ്ങളും അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടുമ്പോൾ, പരാജയപ്പെട്ട ഒരു യുദ്ധഭൂമിയുടെ അവശിഷ്ടങ്ങളിൽ ഇരുന്നുകൊണ്ട് സെലെൻസ്‌കി നടത്തുന്ന ഇത്തരം പ്രസ്താവനകൾ വെറും ജല്പനങ്ങൾ മാത്രമായെ ലോകത്തിന് കാണാനാകൂ.