വിൽപ്പനയ്ക്കില്ലെന്ന് ഡെന്മാർക്ക്, വേണമെന്ന് ട്രംപ്; ആർട്ടിക് ദ്വീപിനെച്ചൊല്ലി ലോകം ഉറ്റുനോക്കുന്ന പോരാട്ടം


23, December, 2025
Updated on 23, December, 2025 14


ഡാനിഷ് സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിലേക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രത്യേക ദൂതനെ നിയമിച്ചതിൽ പ്രതിഷേധിച്ച് ഡെന്മാർക്ക് അമേരിക്കൻ അംബാസഡറെ വിളിച്ചുവരുത്തി. ലൂസിയാന ഗവർണർ ജെഫ് ലാൻഡ്രിയെ ഗ്രീൻലാൻഡ് ദൂതനായി നിയമിച്ച നടപടി തന്നെ “അഗാധമായി രോഷാകുലനാക്കുന്നു” എന്ന് ഡെന്മാർക്ക് വിദേശകാര്യ മന്ത്രി ലാർസ് ലോക്കെ റാസ്മുസ്സെൻ വ്യക്തമാക്കി.


ഗ്രീൻലാൻഡിനെ അമേരിക്കയുടെ ഭാഗമാക്കാനുള്ള ട്രംപിന്റെ ദീർഘകാല പദ്ധതികളെ പിന്തുണച്ചുകൊണ്ടുള്ള ലാൻഡ്രിയുടെ പ്രസ്താവനയാണ് ഡെന്മാർക്കിനെ ചൊടിപ്പിച്ചത്. “ഈ നിയമനം സ്വീകരിക്കുന്നതിലൂടെ ഗ്രീൻലാൻഡിനെ അമേരിക്കയുടെ ഭാഗമാക്കുമെന്ന് ലാൻഡ്രി പറഞ്ഞത് തികച്ചും അസ്വീകാര്യമാണ്. അമേരിക്ക ഡാനിഷ് പരമാധികാരത്തെ ബഹുമാനിക്കണം,” റാസ്മുസ്സെൻ പറഞ്ഞു. വിശദീകരണത്തിനായി അമേരിക്കൻ അംബാസഡർ കെന്നത്ത് എ. ഹൗറിയെ വിദേശകാര്യ മന്ത്രാലയം ഉടൻ വിളിച്ചുവരുത്തും.


അമേരിക്കയുടെ ഈ നീക്കത്തിനെതിരെ യൂറോപ്യൻ യൂണിയനും രംഗത്തെത്തിയിട്ടുണ്ട്. ഡെന്മാർക്കിന്റെ പരമാധികാരവും പ്രദേശിക സമഗ്രതയും സംരക്ഷിക്കേണ്ടത് യൂറോപ്യൻ കൂട്ടായ്മയ്ക്ക് അത്യാവശ്യമാണെന്ന് ഇ.യു വക്താവ് അനൗർ എൽ അനൗണി പറഞ്ഞു. നാറ്റോ സഖ്യകക്ഷിയാണെങ്കിലും ഡെന്മാർക്കിന്റെ നിയന്ത്രണത്തിലുള്ള ഗ്രീൻലാൻഡിനെ സ്വന്തമാക്കാൻ സൈനിക ശക്തി പോലും ഉപയോഗിക്കാനുള്ള സാധ്യത ട്രംപ് നേരത്തെ തള്ളിക്കളഞ്ഞിരുന്നില്ല.


സുരക്ഷാ കാരണങ്ങളാലും പ്രകൃതിവിഭവങ്ങളുടെ സമ്പന്നതയാലും ഗ്രീൻലാൻഡ് അമേരിക്കയ്ക്ക് ആവശ്യമാണെന്നാണ് ട്രംപിന്റെ വാദം. എന്നാൽ, ഗ്രീൻലാൻഡ് വിൽപ്പനയ്ക്കുള്ളതല്ലെന്ന് ഡാനിഷ്, ഗ്രീൻലാൻഡ് നേതാക്കൾ ആവർത്തിച്ചു.ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസൺ ഈ നിയമനത്തെ തള്ളിക്കളഞ്ഞു.


ഓഗസ്റ്റിൽ ഗ്രീൻലാൻഡിൽ അമേരിക്കൻ രഹസ്യ സ്വാധീന പ്രചാരണം നടത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയും നയതന്ത്ര പിരിമുറുക്കം രൂക്ഷമായിരുന്നു. അമേരിക്ക തങ്ങളുടെ സാമ്പത്തിക-സൈനിക ശക്തി ഉപയോഗിച്ച് സഖ്യകക്ഷികളെപ്പോലും ഭീഷണിപ്പെടുത്തുകയാണെന്ന് ഡാനിഷ് പ്രതിരോധ രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.




Feedback and suggestions