തിരുവനന്തപുരം: കേരളത്തിൽ വരുംദിവസങ്ങളിലും വരണ്ട കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. മഴ പൂർണമായി മാറിയിട്ടുണ്ട്. ഡിസംബർ 25 വരെ മഴയ്ക്ക് സാധ്യതയില്ല. എല്ലാ ജില്ലകളിലും വെള്ള അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ശബരിമലയിലും സമാനസ്ഥിതി ആയിരിക്കും. മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരളത്തിൽ തണുപ്പേറുകയാണ്. മലയോര ജില്ലകൾ തണുത്തുവിറക്കുന്നു. മൂന്നാറിൽ കൊടുംതണുപ്പാണ് അനുഭവപ്പെടുന്നത്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ രാത്രിയിലും പുലർച്ചെയുമായി മൂന്നാറിലെ വിവിധയിടങ്ങളിൽ അനുഭവപ്പെടുന്നത്. മൂന്നാർ സെവൻമല, ചെണ്ടുവര, ലക്ഷ്മി എസ്റ്റേറ്റ്, ഉപാസി എന്നിവിടങ്ങളിൽ അന്തരീക്ഷ താപനില ഞായറാഴ്ച മൈനസ് ഒന്നായി രേഖപ്പെടുത്തിയിരുന്നു. ഇന്നലെയും ദേവികുളത്തും ലക്ഷ്മി എസ്റ്റേറ്റിലും പൂജ്യം ഡിഗ്രി രേഖപ്പെടുത്തി.
സാധാരണ വൃശ്ചികം-ധനു-മകര മാസങ്ങളിൽ തണുപ്പ് അനുഭവപ്പെടാറുണ്ടെങ്കിലും ഇത്തവണ അതിലധികം തണുപ്പാണ് കേരളത്തിൽ അനുഭവപ്പെടുന്നത്. രാത്രികാല താപനില ഹൈദരാബാദിലും ബെംഗളൂരുവിലുമുള്ള താപനിലയുടെ ഒപ്പമെത്തി. അടുത്ത ഫെബ്രുവരി മാസം വരെ ഈ തണുപ്പ് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.
ലാ നിന പ്രതിഭാസമാണ് കാലാവസ്ഥ മാറ്റത്തിന് കാരണം. മധ്യ-കിഴക്കൻ പസഫിക് സമുദ്രത്തിലെ താപനില അസാധാരണമാം വിധം കുറയുന്നതാണ് കൊടും തണുപ്പിന് കാരണമായത്. ലാ നിന ആഗോള വായു സഞ്ചാരഗതിയിൽ മാറ്റം വരുത്തുന്നു. കൂടാതെ, ഇന്ത്യൻ ഭൂഖണ്ഡത്തിൽ കഠിനമായ ശൈത്യത്തിന് കാരണമായി. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ലാ നിനയുടെ ആഘാതം അനുഭവപ്പെടും.
കൊടും തണുപ്പിനൊപ്പം അവധിക്കാലവും എത്തിയതോടെ ഹൈറേഞ്ച് പ്രദേശങ്ങളിലേക്ക് സഞ്ചാരികളുടെ വന്‍ ഒഴുക്കാണ്. കൊടും തണുപ്പ് അനുഭവപ്പെടുന്ന വട്ടവടയില്‍ പുതുവത്സരം വരെ മുഴുവന്‍ റിസോര്‍ട്ടുകളും ഹോം സ്റ്റേകളും ബുക്കിംഗ് പൂര്‍ത്തിയായതായാണ് ഉടമകള്‍ പറയുന്നത്.