22, December, 2025
Updated on 22, December, 2025 6
ധാക്ക: ബംഗ്ലാദേശിലെ പ്രമുഖ യുവനേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തിന് പിന്നാലെ രാജ്യത്തുണ്ടായ വ്യാപക അക്രമങ്ങളുടെ പശ്ചാത്തലത്തിൽ, ചിറ്റഗോങ്ങിലെ ഇന്ത്യൻ വിസ ആപ്ലിക്കേഷൻ സെന്ററിന്റെ (IVAC) പ്രവർത്തനം ഇന്ത്യ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു. ഡിസംബർ 21 മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. ചിറ്റഗോങ്ങിലെ അസിസ്റ്റന്റ് ഇന്ത്യൻ ഹൈക്കമ്മീഷണറുടെ വസതിക്ക് നേരെ കഴിഞ്ഞദിവസം കല്ലേറുണ്ടായതിനെത്തുടർന്ന് സുരക്ഷാ സാഹചര്യം മുൻനിർത്തിയാണ് ഈ നടപടി. സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്ത ശേഷം മാത്രമേ കേന്ദ്രം വീണ്ടും തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കൂ എന്ന് ഇന്ത്യൻ വിസ ആപ്ലിക്കേഷൻ സെന്റർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഷെയ്ഖ് ഹസീന സർക്കാരിനെ പുറത്താക്കാൻ കാരണമായ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ മുൻനിര നേതാവായിരുന്നു കൊല്ലപ്പെട്ട 32 വയസ്സുകാരനായ ഹാദി. ഫെബ്രുവരി 12-ന് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്ന അദ്ദേഹത്തിന് ഡിസംബർ 12-ന് ധാക്കയിൽ നടന്ന പ്രചാരണ പരിപാടിക്കിടെയാണ് വെടിയേറ്റത്. മുഖംമൂടി ധരിച്ചെത്തിയ തോക്കുധാരികൾ ഹാദിയുടെ തലയ്ക്ക് വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ ഡിസംബർ 18 നാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ഹാദിയുടെ മരണം ബംഗ്ലാദേശിലുടനീളം വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.
അതേസമയം, ഡിസംബർ 20 തിന് ധാക്കയിൽ നടന്ന ഹാദിയുടെ സംസ്കാര ചടങ്ങുകളിൽ പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ഹാദിയുടെ മരണത്തിന് പിന്നാലെ വിവിധയിടങ്ങളിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ സിൽഹെറ്റിലെ ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ഓഫീസിലും വിസ കേന്ദ്രത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മൂന്നാം കക്ഷികൾ സാഹചര്യം ചൂഷണം ചെയ്യുന്നത് തടയാനാണ് അധിക സുരക്ഷ ഏർപ്പെടുത്തിയതെന്ന് സിൽഹെറ്റ് മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. ചിറ്റഗോങ്ങിലെ വിസ സേവനങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ലഭ്യമാകില്ലെന്ന് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രമുഖ നേതാവിന്റെ വധവും തുടർന്നുണ്ടായ സംഘർഷങ്ങളും ബംഗ്ലാദേശിലെ ക്രമസമാധാന നിലയെ കൂടുതൽ സങ്കീർണ്ണമാക്കിയിട്ടുണ്ട്.