ട്രംപിന് തിരിച്ചടി, വെടിനിർത്തൽ പ്രഖ്യാപനം തള്ളി തായ്‌ലൻഡ്; സൈനിക നടപടി തുടരും


14, December, 2025
Updated on 14, December, 2025 54




അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം തായ്‌ലൻഡും കംബോഡിയയും തള്ളിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി സംഘർഷം രൂക്ഷമായി. തായ്‌ലൻഡിന്റെ പരമാധികാരത്തിന് കംബോഡിയ ഭീഷണിയാകുന്നത് അവസാനിക്കുന്നതുവരെ സൈനിക നടപടി തുടരുമെന്ന് പ്രധാനമന്ത്രി അനുതിൻ ചാൻവിരാകുൽ വ്യക്തമാക്കി. ട്രംപ് കാര്യങ്ങൾ ശരിയായി മനസ്സിലാക്കുന്നില്ലെന്നും തായ്‌ലൻഡ് വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. വെടിനിർത്തൽ നടപ്പാകണമെങ്കിൽ കംബോഡിയ ആദ്യം ആക്രമണം നിർത്തണമെന്നാണ് ട്രംപിനോട് ആവശ്യപ്പെട്ടതെന്നും അനുതിൻ അറിയിച്ചു.



ശനിയാഴ്ച (ഡിസംബർ 14) രാവിലെയും വ്യോമാക്രമണം നടത്തിയ തായ്‌ലൻഡ്, 4 സൈനികർ കൂടി കൊല്ലപ്പെട്ടതോടെ തങ്ങളുടെ മരണസംഖ്യ 24 ആയെന്ന് അറിയിച്ചു. എന്നാൽ, 165 കംബോഡിയൻ സൈനികർ കൊല്ലപ്പെട്ടതായാണ് തായ്‌ലൻഡ് റിപ്പോർട്ടുകൾ. ഇതിനിടെ, തായ്‌ലൻഡ് രണ്ട് എഫ്-16 വിമാനങ്ങൾ ഉപയോഗിച്ച് ബോംബ് വർഷിച്ചുവെന്ന് കംബോഡിയൻ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. ജനവാസ മേഖലകൾ ആക്രമിക്കപ്പെടുന്നുവെന്ന ആരോപണങ്ങൾക്കിടെ സംഘർഷ മേഖലകളിൽ നിന്ന് പലായനം ചെയ്യുന്നവരുടെ എണ്ണം 4 ലക്ഷം കടന്നു.




Feedback and suggestions