14, December, 2025
Updated on 14, December, 2025 9
സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിച്ച തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ, കേരളം സാക്ഷ്യം വഹിച്ചത് കടുത്ത പോരാട്ടത്തിനാണ്. യു.ഡി.എഫ് വൻ മുന്നേറ്റം നടത്തിയ ഈ പോരാട്ടത്തിൽ, ഏറ്റവും കൂടുതൽ സീറ്റുകൾ നേടി ആര് കിരീടം ചൂടി എന്ന ചോദ്യം പ്രസക്തമാവുകയാണ്. പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്കൊപ്പം തന്നെ, ദേശീയ ശ്രദ്ധയിൽ അത്രയില്ലാത്ത പാർട്ടികൾ പോലും സീറ്റുകൾ നേടി ഞെട്ടിച്ചതോടെ, ഇത്തവണത്തെ ഫലം ചരിത്രപരമായി മാറി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുതൽ സമാജ്‌വാദി പാർട്ടി വരെയുള്ള കക്ഷികൾ നേടിയ സീറ്റുകളുടെ കൃത്യമായ കണക്കുകളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.
കോൺഗ്രസ് vs സി.പി.എം: ആര് മുന്നിൽ?
സംസ്ഥാനത്തെ പ്രധാന മുന്നണികളെ നയിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസും സി.പി.എമ്മും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ ഹൈലൈറ്റ്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ)
യു.ഡി.എഫിനെ നയിച്ച കോൺഗ്രസാണ് ഏറ്റവും കൂടുതൽ സീറ്റുകൾ നേടി മുന്നിലെത്തിയത്. ആകെ 7816 സീറ്റുകൾ നേടിയ അവർ വിജയക്കൊടി പാറിച്ചു.
പഞ്ചായത്തുകൾ: 5723 സീറ്റുകൾ
ബ്ലോക്ക് പഞ്ചായത്തുകൾ: 917 സീറ്റുകൾ
ജില്ലാ പഞ്ചായത്തുകൾ: 129 സീറ്റുകൾ
മുനിസിപ്പിലാറ്റികൾ: 899 സീറ്റുകൾ
കോർപ്പറേഷനുകൾ: 148 സീറ്റുകൾ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി.പി.എം)
എൽ.ഡി.എഫിനെ നയിച്ച സി.പി.എം തൊട്ടുപിന്നാലെ തന്നെയുണ്ട്. കോൺഗ്രസുമായി ചെറിയ വ്യത്യാസം മാത്രമാണ് സി.പി.എമ്മിനുള്ളത്. അവർക്ക് ആകെ 7454 സീറ്റുകൾ നേടാൻ സാധിച്ചു.
പഞ്ചായത്തുകൾ: 5541 സീറ്റുകൾ
ബ്ലോക്ക് പഞ്ചായത്തുകൾ: 743 സീറ്റുകൾ
ജില്ലാ പഞ്ചായത്തുകൾ: 113 സീറ്റുകൾ
നഗരസഭകൾ: 946 സീറ്റുകൾ
കോർപ്പറേഷനുകൾ: 111 സീറ്റുകൾ
യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗാണ് സീറ്റ് നിലയിൽ മൂന്നാമത്. ആകെ 2844 സീറ്റുകളിൽ ജയിച്ച മുസ്ലിം ലീഗിന് ഒരൊറ്റ കോർപറേഷൻ സീറ്റിൽ മാത്രമേ ജയിക്കാനായുള്ളൂ എന്ന ന്യൂനത മാത്രമേയുള്ളൂ. നാലാം സ്ഥാനത്ത് എൻഡിഎ നയിക്കുന്ന ബിജെപിയാണ്. 93 കോർപറേഷൻ സീറ്റുകളിൽ അടക്കം 1913 സീറ്റുകളിൽ താമര ചിഹ്നത്തിൽ സ്ഥാനാർത്ഥികൾ ജയിച്ചു. അതേസമയം ബിജെപിക്ക് ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ തവണത്തെ 2 സീറ്റിൽ ഇത്തവണ ഒന്നിൽ മാത്രമാണ് ജയിക്കാനായത്.എൽഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയാണ് അഞ്ചാം സ്ഥാനത്ത്. 12 കോർപറേഷൻ ഡിവിഷൻ, 99 മുനിസിപ്പാലിറ്റി അംഗങ്ങളും 24 ജില്ലാ പഞ്ചായത്ത് അംഗങ്ങളും അടക്കം 1018 സീറ്റിൽ സിപിഐ സ്ഥാനാർത്ഥികൾ ജയിച്ചു. യുഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് 332 സീറ്റുകളിൽ ജയിച്ച് ഏഴാം സ്ഥാനത്തെത്തി. എൽഡിഎഫിലെ പ്രബല കക്ഷിയായ കേരള കോൺഗ്രസ് എം 246 സീറ്റുകളിൽ ജയിച്ചു. എന്നാൽ ആദ്യ ആറ് സ്ഥാനക്കാരെ അപേക്ഷിച്ച് ആറ് കോർപറേഷനുകളിൽ മത്സരിച്ച ഒരു സീറ്റിൽ പോലും ജയിക്കാൻ കേരള കോൺഗ്രസ് എം സ്ഥാനാർത്ഥികൾക്ക് സാധിച്ചില്ല.
97 സീറ്റുകളിൽ ജയിച്ച എസ്‌ഡിപിഐയാണ് എട്ടാം സ്ഥാനത്ത്. ട്വൻ്റി ട്വൻ്റി 78 സീറ്റുകളുമായി ഒൻപതാമതാണ്. 63 സീറ്റ് നേടി എൽഡിഎഫിലെ ആർജെഡി പത്താം സ്ഥാനത്തെത്തി. 57 സീറ്റുകളുമായി യുഡിഎഫിലെ ആർഎസ്‌പി പതിനൊന്നാം സ്ഥാനത്താണ്. 44 സീറ്റ് നേടിയ എൽഡിഎഫിലെ ജെഡിഎസാണ് 12ാം സ്ഥാനത്ത്. യുഡിഎഫിലെ കേരള കോൺഗ്രസ് ജേക്കബ് 34 സീറ്റുമായി 13ാം സ്ഥാനത്താണ്. 31 സീറ്റുമായി വെൽഫെയർ പാർട്ടിയാണ് 14ാമത്. 29 ഇടത്ത് വിജയിച്ച ആർഎംപി 15ാം സ്ഥാനത്താണ്. എൽഡിഎഫ് ഘടകകക്ഷി എൻസിപി(എസ്‌പി) 25 സീറ്റുമായി 16ാം സ്ഥാനത്താണ്. യുഡിഎഫിലെ സിഎംപി (സിപി ജോൺ) വിഭാഗം പത്ത് സീറ്റ് നേടി 17ാം സ്ഥാനത്തും എൽഡിഎഫിലെ ഐഎൻഎലും നാഷണൽ സെക്യുലർ പാർട്ടിയും 9 സീറ്റ് വീതം നേടി 18ാം സ്ഥാനത്തുമാണ്.
മാണി സി കാപ്പൻ്റെ കെഡിപി പാർട്ടിക്ക് എട്ട് സീറ്റിലാണ് വിജയിക്കാനായത്. എൽഡിഎഫിലെ ജനാധിപത്യ കേരള കോൺഗ്രസ് ആറ് സീറ്റ് നേടി. എൻഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ബിഡിജെഎസിനും പിഡിപിക്കും അഞ്ച് സീറ്റ് വീതം ലഭിച്ചു. ബിഎൻജെഡി, ബിഎസ്‌പി, ആം ആദ്മി പാർട്ടികൾക്ക് മൂന്ന് സീറ്റ് വീതം ലഭിച്ചു. എൻഡിഎയിലെ എൽജെപിയും യുഡിഎഫിലെ ഫോർവേഡ് ബ്ലോക്കും ഒപ്പം സമാജ്‌വാദി പാർട്ടിക്കും ഓരോ സീറ്റ് വീതം ലഭിച്ചു. ഇതിനെല്ലാം പുറമെ, മുന്നണികൾ നിർത്തിയതും അല്ലാതെയുമായി 1403 സ്വതന്ത്ര സ്ഥാനാർത്ഥികളും ജയിച്ചിട്ടുണ്ട്.