അമേരിക്കയിൽ എച്ച്1ബി വീസ ഫീസ് വർധനവിനെതിരെ 20 സ്റ്റേറ്റുകൾ കോടതിയിലേക്ക്


14, December, 2025
Updated on 14, December, 2025 149


അമേരിക്ക: ഡോണൾഡ്‌ ട്രംപിന്റെ ഭരണകൂടം എച്ച്1ബി (H-1B) വീസ ഫീസിൽ വരുത്തിയ വൻ വർധനവിനെതിരെ 20 സംസ്ഥാനങ്ങൾ നിയമപോരാട്ടത്തിന് ഒരുങ്ങുന്നു. കാലിഫോർണിയയുടെ നേതൃത്വത്തിലാണ് ഈ നിർണായക നിയമനടപടി. ട്രംപ് ഭരണകൂടം നടപ്പാക്കിയ പുതിയ നയം അനുസരിച്ച്, എച്ച്1ബി വീസയുടെ ഫീസ് ഒരു ലക്ഷം ഡോളറായി വർധിച്ചിരുന്നു. സെപ്റ്റംബറിൽ പുറത്തിറങ്ങിയ പ്രസിഡൻഷ്യൽ ഉത്തരവിന്റെ ചുവടുപിടിച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയാണ് ഈ നിയമം നടപ്പാക്കിയത്.


നയം നിയമവിരുദ്ധമാണെന്നും അത്യാവശ്യ പൊതു സേവനങ്ങളായ ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് ഭീഷണിയാണെന്നും സംസ്ഥാനങ്ങൾ വാദിക്കുന്നു. പുതിയ ഫീസ് വർധനവ് വഴി ആശുപത്രികൾ, സർവകലാശാലകൾ, പൊതുവിദ്യാലയങ്ങൾ എന്നിവയ്ക്ക് ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ചെലവ് കുത്തനെ വർധിക്കും.



“ഈ ഫീസ് ചുമത്താൻ ഭരണകൂടത്തിന് അധികാരമില്ല. ഇത് നിയമവിരുദ്ധമാണ്. ആവശ്യമായ നിയമനിർമാണ ചട്ടങ്ങൾ മറികടക്കുകയും കോൺഗ്രസിന്റെ അധികാരപരിധി ലംഘിക്കുകയും ചെയ്യുന്ന ഈ നയം അഡ്മിനിസ്ട്രേറ്റീവ് പ്രൊസീജ്യർ ആക്ടിന്റെയും അമേരിക്കൻ ഭരണഘടനയുടെയും ലംഘനമാണ്.” കേസിനു നേതൃത്വം നൽകുന്ന കലിഫോർണിയ അറ്റോർണി ജനറൽ റോബ് ബോണ്ട അറിയിച്ചു. ഈ നയം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് 20 സംസ്ഥാനങ്ങൾ കോടതിയെ സമീപിച്ചിരിക്കുന്നത്. പതിനായിരക്കണക്കിന് ഇന്ത്യൻ ഐടി പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ളവരെ നേരിട്ട് ബാധിക്കുന്ന ഈ തീരുമാനം, അമേരിക്കൻ തൊഴിൽ വിപണിയിൽ വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.




Feedback and suggestions