12, December, 2025
Updated on 12, December, 2025 10
കോട്ടയം : വത്തിക്കാനിൽ നിന്ന് ക്രിസ്തുമസ് ആശംസയുമായി ഒരു സ്നേഹസമ്മാനം മലങ്കരസഭാധ്യക്ഷനെ തേടിയെത്തി. ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആലേഖനം ചെയ്ത തുണിയിൽ തീർത്ത ചിത്രം വത്തിക്കാൻ പ്രതിനിധി ഫാ.ഹയാസിന്റ് ഡെസ്റ്റിവിലെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് സമ്മാനിച്ചു. ഇറ്റലിയിലാണ് ചിത്രം നിർമ്മിച്ചത്. മലങ്കര സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം അരമനയിൽ സഭയുടെ എക്യൂമെനിക്കൽ റിലേഷൻസ് സെക്രട്ടറി ഫാ.അശ്വിൻ ഫെർണാണ്ടസ്, ഫാ.ജിയോ ജോസഫ് എന്നിവർ ചേർന്ന് വത്തിക്കാൻ പ്രതിനിധിയെ സ്വീകരിച്ചു. ഫാ.ഡോ.ഫിലിപ്പ് നെൽപ്പുരപ്പറമ്പിലും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിശുദ്ധ കാതോലിക്കാ ബാവായുമായി ഇരുവരും കൂടിക്കാഴ്ച്ച നടത്തി. നിഖ്യാ സുന്നഹദോസിന്റെ 1700 ാം വാർഷികം പരിശുദ്ധ ലിയോ പതിനാലാമൻ മാർപാപ്പയ്ക്കൊപ്പം തുർക്കിയിൽ ഒരുമിച്ച് ആഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പരിശുദ്ധ കാതോലിക്കാ ബാവാ പങ്കുവെച്ചു. ലോകസമാധാനത്തിനായി പാപ്പാ നടത്തുന്ന ശ്രമങ്ങളെ ബാവാ പ്രശംസിച്ചു. മലങ്കരസഭയുടെ ഉപഹാരം വത്തിക്കാൻ പ്രതിനിധിക്ക് പരിശുദ്ധ കാതോലിക്കാ ബാവാ സമ്മാനിച്ചു. കത്തോലിക്കാ - ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള 33 ാംമത് വേദശാസ്ത്ര സംവാദത്തിന്റെ ഭാഗമായാണ് ഫാ.ഹയാസിന്റ് ഡെസ്റ്റിവിലെ ഇന്ത്യയിലെത്തിയത്.