11, December, 2025
Updated on 11, December, 2025 7
ന്യൂഡൽഹി: ഇന്ത്യൻ അരിയുൾപ്പെടെയുള്ള കാർഷിക ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് കയറ്റുമതി തീരുവ ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. കാർഷിക ഇറക്കുമതിയെക്കുറിച്ചുള്ള അമേരിക്കൻ കർഷകരുടെ ആശങ്കകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വൈറ്റ് ഹൗസിൽവെച്ച് അമേരിക്കൻ കർഷകരെ പിന്തുണച്ചുകൊണ്ട് സംസാരിക്കവെ , അമേരിക്കയിലെ ഇന്ത്യൻ അരിയുടെ നിക്ഷേപത്തെ താൻ ശ്രദ്ധിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഇന്ത്യ, തായ്‌ലൻഡ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിൽനിന്നും വില കുറഞ്ഞ അരി ലഭ്യമാക്കുന്നത് പണപ്പെരുപ്പവും മുൻകാല വ്യാപാര പ്രവർത്തനങ്ങളും ബാധിച്ച കാർഷിക മേഖലയെ വീണ്ടും സമ്മർദത്തിലാക്കുന്നു എന്ന കർഷകരുടെ ആശങ്ക കണക്കിലെടുത്താണ് ഈ നീക്കം.
കര്‍ഷകര്‍ രാജ്യത്തിന്റെ സ്വത്തും നട്ടെലുമാണെന്നും, ആരും ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ രാജ്യങ്ങൾ നമ്മെ മുതലെടുക്കുകയും ചെയ്തതിനാൽ അമേരിക്കൻ ഉൽപന്നങ്ങളെ സംരക്ഷിക്കാൻ താരിഫ് കര്‍ശനമാക്കുമെന്നും ട്രംപ് പറഞ്ഞു. ആഭ്യന്തര ഉൽപാദനത്തെ പിന്തുണയ്ക്കുന്നതിനായി കനേഡിയൻ വളങ്ങളെയും താരിഫിൽ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, അമേരിക്കൻ കർഷകർക്കായി 12 ബില്യൺ ഡോളറിന്റെ പുതിയ സഹായവും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.