തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിൽ ഏഴ് ജില്ലകൾ വിധിയെഴുതി; പോളിങ് 70 ശതമാനം


9, December, 2025
Updated on 9, December, 2025 18





തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ. ഭേദപ്പെട്ട പോളിങ്ങാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വൈകീട്ട് അഞ്ചുമണി വരെയുള്ള കണക്കുകൾ പ്രകാരം പോളിങ് 70 ശതമാനം പിന്നിട്ടിരിക്കുകയാണ്. എറണാകുളത്താണ് ഏറ്റവും കൂടുതൽ പോളിങ്(73.16ശതമാനം). ഏറ്റവും കുറവ് പോളിങ് തിരുവനന്തപുരത്തും(65.74ശതമാനം). കൊല്ലം(69.11), പത്തനംതിട്ട(65.78), കോട്ടയം(69.50), ഇടുക്കി(70.00), ആലപ്പുഴ(72.57) ഇങ്ങനെയാണ് മറ്റു ജില്ലകളിലെ പോളിങ് ശതമാനം.പല പോളിങ് ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. വൈകീട്ട് ആറുമണി വരെയാണ് ​വോട്ടെടുപ്പ്. എങ്കിലും ആറുമണിക്ക് മുമ്പ് ക്യൂവിൽ നിൽക്കുന്നവർക്ക് വോട്ട് രേഖപ്പെടുത്താൻ അവസരം നൽകിയിട്ടുണ്ട്. മൂന്ന് കോർപ്പറേഷനുകൾ 39 മുൻസിപ്പാലിറ്റികൾ, ഏഴ് ജില്ലാ പഞ്ചായത്തുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകൾ, 471 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. 11168 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. മന്ത്രിമാരായ വി.ശിവൻകുട്ടി, സജിചെറിയാൻ, പി.രാജീവ്, ചിഞ്ചുറാണി, ഗണേഷ് കുമാർ, പി.പ്രസാദ്, വി.എൻ.വാസവൻ, കെ.എൻ.ബാലഗോപാൽ, ജി.ആർ.അനിൽ, റോഷി അഗസ്റ്റിൻ,വീണ ജോർജ്, ഉൾപ്പെടെയുള്ള മന്ത്രിമാരാണ് തദ്ദേശതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തിയത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറും വോട്ട് രേഖപ്പെടുത്തി. കേരളത്തിലെത്തിയശേഷമുള്ള ഗവർണറുടെ ആദ്യവോട്ടായിരുന്നു. തദ്ദേശ തെരഞെടുപ്പിൽ ഇടത് മുന്നേറ്റമുണ്ടാകുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. ഇടതുഭരണത്തെ ജനങ്ങൾക്ക് മടുത്തെന്നായിരുന്നു എ.കെ.ആന്റണിയുടെ പ്രതികരണം.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ശശിതരൂർ എം.പി, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എം.എം ഹസൻ, പി.ജെ. ജോസഫ്, ജോസ് കെ.മാണി, അടൂർ പ്രകാശ്, വൈക്കം വിശ്വൻ, ജി.സുധാകരൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, ബി.ജെ.പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയ നേതാക്കളും വോട്ട് രേഖപ്പെടുത്തി. രണ്ടാംഘട്ടത്തിൽ തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകൾ വ്യാഴാഴ്ച വിധിയെഴുതും. ഈ ജില്ലകളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിച്ചു. നാളെ നിശ്ശബ്ദ പ്രചാരണം നടക്കും.




Feedback and suggestions