സര്‍ക്കാരിന്റെ പെടലിക്ക് ഇടേണ്ട; ദേശീയപാത നിര്‍മാണത്തില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ല' മുഖ്യമന്ത്രി പിണറായി വിജയന്‍


6, December, 2025
Updated on 6, December, 2025 25


തൃശൂര്‍: കൊട്ടിയം മൈലക്കാടിനു സമീപം നിര്‍മാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാതയുടെ നിര്‍മാണത്തിന്റെ ചുമതല പൂര്‍ണമായി നിര്‍വഹിക്കുന്നത് നാഷണല്‍ ഹൈവേ അതോറിറ്റിയാണ്.


ഇപ്പോഴുണ്ടായ അപകടം സംസ്ഥാന സര്‍ക്കാരിന്റെ പെടലിക്ക് ഇടാനാണെങ്കില്‍ അതിന് വഴിയില്ല. ദേശീയപാതയുമായി ബന്ധപ്പെട്ട കാര്യങ്ങളും നിര്‍വഹിക്കുന്നത് അവരാണ്. അതിന് അവര്‍ക്ക് കൃത്യമായ സംവിധാനവും ഉണ്ട്. ആ സംവിധാനത്തില്‍ ചില പാളിച്ചകള്‍ പറ്റി എന്നതാണ് നമ്മുടെ നാടിന്റെ അനുഭവമെന്നും പിണറായി പറഞ്ഞു. തൃശൂര്‍ പ്രസ്‌ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


'ദേശീയപാത തകര്‍ന്നതില്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. അതിന്റെ ഡിസൈന്‍ മുതല്‍ എല്ലാം നിര്‍വഹിക്കുന്നത് ദേശീയപാത അതോറിറ്റിയാണ്. നമ്മുടെ നാട്ടിലെ പൊതുമരാമത്ത് വകുപ്പിന് ഒന്നും ചെയ്യാനാവില്ല. ഇതിന്റെ സാങ്കേതികമായ പരിശോധന നടത്തേണ്ടത് അവരാണ്. ഏതെങ്കിലും ഒരിടത്ത് പ്രശ്‌നമുണ്ടായി എന്നതുകൊണ്ട് എല്ലായിടത്തും ദേശീയപാത തകരാറാലായി എന്നുകാണേണ്ടതില്ല' - മുഖ്യമന്ത്രി പറഞ്ഞു.


ഇന്നലെ വൈകീട്ടാണ് മൈലക്കാടിന് സമീപം ദേശീയപാതയുടെ പാര്‍ശ്വ ഭിത്തി താഴെ സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു താഴ്ന്നത്. ഇതിന്റെ ആഘാതത്തില്‍ സര്‍വീസ് റോഡും തകര്‍ന്നു. ശിവാലയ കണ്‍സ്ട്രക്ഷന്‍സിനായിരുന്നു ഇവിടെ ദേശീയപാത നിര്‍മാണ ചുമതല. തകര്‍ന്ന ഭാഗങ്ങള്‍ പൂര്‍ണമായും പൊളിച്ചു പണിയുമെന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ അറിയിച്ചു.




Feedback and suggestions