3, December, 2025
Updated on 3, December, 2025 23
കൊൽക്കത്ത: മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതിനൊപ്പം മൃഗസ്നേഹത്തിന്റെ മഹത്വം വിളിച്ചോതുന്ന സംഭവമാണ് പശ്ചിമ ബംഗാളിൽ ഉണ്ടായത്. കൊടുംതണുപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചോരക്കുഞ്ഞിന് രാത്രി മുഴുവൻ സംരക്ഷണവലയം തീർത്തത് ഒരുകൂട്ടം തെരുവുനായ്ക്കളാണ്.
നായ്ക്കൾ കാവൽ നിന്നു
റെയിൽവേ തൊഴിലാളികളുടെ കോളനിയിലെ ബാത്ത്‌റൂമിന് പുറത്ത് തണുത്തുറഞ്ഞ നിലത്താണ് ഏതാനും മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. രക്തപ്പാടുകൾ ശരീരത്തിലുണ്ടായിരുന്നെങ്കിലും, കുഞ്ഞിനെ പുതച്ചിരുന്നില്ല.
അന്ന് രാത്രി മുഴുവൻ ഈ തെരുവുനായ്ക്കളാണ് കുഞ്ഞിന്റെ കാവൽക്കാരായത്. അവ കുരയ്ക്കുകയോ കുഞ്ഞിനെ സ്പർശിക്കുകയോ ചെയ്തില്ല. പകരം, ആരും കുഞ്ഞിന് അരികിലേക്ക് വരാതിരിക്കാൻ ഒരു സംരക്ഷണവലയം തീർത്തു. രാത്രി മുഴുവൻ കുഞ്ഞിന് ചുറ്റും നിലയുറപ്പിച്ച ശേഷമാണ് പകൽ വെളിച്ചം വന്നപ്പോൾ നായ്ക്കൾ അവിടെനിന്ന് മാറിയതെന്ന് പ്രദേശവാസികൾ പറയുന്നു.
ആശുപത്രിയിലേക്ക് മാറ്റി
കുഞ്ഞിന്റെ കരച്ചിൽ കേട്ട് രാവിലെ പ്രദേശവാസികൾ എത്തിയപ്പോൾ കണ്ട കാഴ്ച തെരുവുനായ്ക്കൾ കാവൽ നിൽക്കുന്നതാണ്. ഉടൻ തന്നെ സമീപവാസിയായ സ്ത്രീ കുഞ്ഞിനെ എടുത്ത് മഹേഷ്ഗഞ്ച് ആശുപത്രിയിലേക്കും തുടർന്ന് കൃഷ്ണനഗർ സദർ ആശുപത്രിയിലേക്കും കൊണ്ടുപോയി.
കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ പരിക്കുകളോ ഇല്ലെന്നും, ശരീരത്തിലുണ്ടായിരുന്ന രക്തക്കറ ജനിച്ചയുടൻ ഉപേക്ഷിച്ചതിന്റെ ഫലമാണെന്നും ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ നബദ്വീപ് പോലീസും ശിശുക്ഷേമ സമിതിയും അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് തന്നെയുള്ള ആരെങ്കിലും ആകാം കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് പോലീസ് നിഗമനം