രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് രഹസ്യ കേന്ദ്രത്തില്‍ ഉണ്ടെന്ന് വിവരം


29, November, 2025
Updated on 29, November, 2025 49


പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് രഹസ്യ കേന്ദ്രത്തില്‍ ഉണ്ടെന്ന് വിവരം. ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒൡില്‍ പോയ രാഹുല്‍ പാലക്കാട് രഹസ്യ കേന്ദ്രത്തില്‍ തുടരുകയാണെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍കൂര്‍ ജാമ്യത്തെ കുറിച്ച് അഭിഭാഷകനുമായി സംസാരിക്കാന്‍ രാഹുല്‍ തന്റെ ഫോണ്‍ ഓണാക്കിയിരുന്നുവെന്നും പിന്നീട് മൊബൈല്‍ ഓഫായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.എംഎല്‍എയുടെ ഔദ്യോഗിക വാഹനം ഫ്‌ളാറ്റിന് താഴെയുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. താമസസ്ഥലത്ത് നിന്ന് സുഹൃത്തിന്റെ വാഹനത്തിലാണ് രഹസ്യ കേന്ദ്രത്തിലേക്ക് പോയതെന്നാണ് സൂചന. രാഹുല്‍ സംസ്ഥാനം വിട്ടുവെന്ന തരത്തിലായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. എന്നാല്‍ നിലവിലെ സൂചനകള്‍ പാലക്കാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പോലീസിനെ പ്രേരിപ്പിച്ചേക്കും.


അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ ഇന്ന് മുതല്‍ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തും. ഗര്‍ഭം അലസിപ്പിക്കുന്നതിന് മരുന്ന് കഴിച്ചശേഷമുണ്ടായ ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് യുവതിയെ ചികിത്സിച്ച ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. യുവതിയുടെ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തുമെന്നാണ് വിവരം.




Feedback and suggestions