ഒരു ബോർഡിന് പിഴ 5,000 രൂപ: അഞ്ചെണ്ണമായാൽ സ്ഥാനാർത്ഥിക്ക് 'എട്ടിന്റെ പണി


26, November, 2025
Updated on 26, November, 2025 10


തിരുവനന്തപുരം : പൊതുസ്ഥലത്തെ പ്രചാരണബോർഡ് പിടിച്ചെടുത്താൽ സ്ഥാനാർത്ഥികളെ കാത്തിരിക്കുന്നത് പിഴ, പിഴ കൂടിയാലോ വരാൻപോകുന്നത് 'എട്ടിന്‍റെ പണിയും'. ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലത്തുനിന്ന് സ്ഥാനാർഥിയുടെ പ്രചാരണബോർഡ് പിടിച്ചെടുത്താൽ ഒരെണ്ണത്തിന് 5,000 രൂപയും അതും എടുത്തുമാറ്റാനുള്ള ചെലവും ജിഎസ്ടിയുമാണ് പിഴ. ഇത്തരത്തിൽ അഞ്ച് ബോർഡുകൾ പിടിച്ചെടുത്താൽ സ്ഥാനാർത്ഥികൾക്ക്, ജയിച്ചാലും പരമാവധി ചെലവഴിക്കാവുന്ന തുക മറികടക്കുന്നതോടെ അയോഗ്യതയ്ക്ക് കാരണമാകും.


ബോർഡ് എടുത്തുമാറ്റുന്ന സാഹചര്യമുണ്ടായാൽ 5,000 രൂപയും എടുത്തുമാറ്റാനുള്ള ചെലവും ജിഎസ്ടിയുമാണ് പിഴ. ഇത് സ്ഥാനാർത്ഥിയുടെ ചെലവിലാണ് ഉൾപ്പെടുത്തുക. പിഴയ്ക്ക് പുറമെ പൊലീസ് കേസും രജിസ്റ്റർ ചെയ്യും. അഞ്ച് ബോർഡ് എടുത്തുമാറ്റിയാൽ ഗ്രാമപ്പഞ്ചായത്തിലെ സ്ഥാനാർഥിക്ക് ചെലവഴിക്കാവുന്ന തുകയായ 25,000 രൂപ മറികടക്കും. തെരഞ്ഞെടുത്താലും ഇതോടെ സ്ഥാനാർത്ഥിക്ക് അയോഗ്യതയുണ്ടാകും.

ബ്ലോക്കിലും നഗരസഭയിലും 75,000 രൂപയും ജില്ലയിലും കോർപറേഷനിലും 1,50,000 രൂപയുമാണ് സ്ഥാനാർഥികൾക്ക് ചെലവഴിക്കാനാകുന്ന പരമാവധി തുക.

ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് തലങ്ങളിൽ ജീവനക്കാരുടെ സ്‌ക്വാഡുകൾ രൂപവത്കരിച്ചാണ് ഇത്തരം ബോർഡുകൾ പിടിച്ചെടുക്കാനുള്ള പരിശോധന നടത്തുന്നത്. പൊതുസ്ഥലത്ത് അനധികൃതമായി ബോർഡുകൾ, ഫ്‌ളക്‌സുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവ പാടില്ലെന്നും ഇത്തരത്തിലുള്ളവ കണ്ടെത്തിയാൽ തദ്ദേശസ്ഥാപന സെക്രട്ടറിമാർ പിഴ അടയ്‌ക്കേണ്ടി വരുമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. പൊതുസ്ഥലത്ത് സ്ഥാപിച്ച പ്രചാരണ ബോർഡുകൾ എടുത്തുമാറ്റുന്നതിന് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ കൂടിയായ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ നീക്കം തുടങ്ങി.




Feedback and suggestions