26, November, 2025
Updated on 26, November, 2025 8
കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന പദ്ധതി അംഗീകരിച്ച് യുക്രെയ്ൻ. യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച സമാധാന കരാറാണ് യുക്രെയ്ൻ അംഗീകരിച്ചത്. ട്രംപ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ സ്വീകാര്യമാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കി.യുഎസ് – യുക്രെയ്ൻ ഉദ്യോഗസ്ഥർ കഴിഞ്ഞയാഴ്ച ജെനീവയിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സമാധാന കരാരിന് അന്തിമരൂപം നൽകിയത്. രണ്ടു രാജ്യങ്ങളിൽ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടാണ് അന്തിമ സമാധാന കരാറിന് രൂപം നൽകിയത്. തന്റെ പ്രതിനിധിയായ സ്റ്റീവ് വിറ്റ്‌കോഫിനെ റഷ്യന്‍ നേതാവ് വ്ളാദിമിര്‍ പുതിനുമായി കൂടിക്കാഴ്ച നടത്താന്‍ മോസ്‌കോയിലേക്ക് അയക്കുമെന്നും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
പുതിയ യുഎസ് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ യുക്രൈന്‍ തയ്യാറാണെന്ന് സെലെന്‍സ്‌കി ചൊവ്വാഴ്ച വ്യക്തമാക്കി. പ്രധാനപ്പെട്ട വിഷയങ്ങള്‍’ ചര്‍ച്ച ചെയ്യാന്‍ ട്രംപിനെ നേരിട്ട് കാണുമെന്നും സെലൻസ്കി അറിയിച്ചു അദ്ദേഹം പറഞ്ഞു. ചര്‍ച്ചകളില്‍ പങ്കാളികളാകാന്‍ യൂറോപ്യന്‍ നേതാക്കളും പങ്കെടുക്കണമെന്നും സെലൻസ്കി ആവശ്യപ്പെട്ടിട്ടുണ്ട്.
യുഎസ് ആദ്യമുണ്ടാക്കിയ സമാധാന കരാർ റഷ്യക്ക് അനുകൂലമാണെന്ന വിമർശനമുണ്ടായിരുന്നു. യുക്രൈന്‍ നാറ്റോയില്‍ ചേരുന്നത് വിലക്കുക, പുതിയ പ്രദേശങ്ങള്‍ റഷ്യക്ക് വിട്ടുകൊടുക്കാന്‍ രാജ്യത്തോട് ആവശ്യപ്പെടുക തുടങ്ങിയ വിവാദ നിര്‍ദേശങ്ങള്‍ അടങ്ങിയതായിരുന്നു ആദ്യത്തെ കരാർ. എന്നാൽ പരിഷ്കരിച്ച പദ്ധതിയിൽ യുക്രെയ്ൻ അനുകൂലമായ നിർദേശങ്ങളുണ്ടെന്നാണ് വിവരം.
അതേസമയം, സമാധാന ചർച്ചകൾ പുരോഗമിക്കുമ്പോഴും 2022-ല്‍ ആരംഭിച്ച യുദ്ധം തുടരുകയാണ്. പ്രാദേശിക സമയം പുലര്‍ച്ചെ ഒരുമണിയോടെ കീവില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ നടന്നതായും ഏഴുപേര്‍ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.