ഇന്ത്യ- ഓസ്‌ട്രേലിയ-കാനഡ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപനവുമായി മോദി


23, November, 2025
Updated on 23, November, 2025 15


ജോഹന്നാസ്ബര്‍ഗ്: ഇന്ത്യയും ഓസ്‌ട്രേലിയയും കാനഡയും തമ്മിലുള്ള സഹകരണം കൂടുതല്‍ വര്‍ധിപ്പിക്കുന്ന സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ എക്സിലൂടെയാണ് പ്രധാനമന്ത്രി ഈ പ്രസ്താവന നടത്തിയത്.


സാങ്കേതികവിദ്യകള്‍, വിതരണ ശൃംഖലകളുടെ വൈവിധ്യവല്‍ക്കരണത്തിനുള്ള പിന്തുണ, ക്ലീന്‍ എനര്‍ജി, എഐയുടെ കടന്നുകയറ്റവും സ്വീകാര്യതയും തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധയൂന്നിയാകും പുതിയ സംരംഭം പ്രവര്‍ത്തിക്കുക. ആഗോളതലത്തില്‍ സിന്തറ്റിക് മയക്കുമരുന്നുകള്‍ വന്‍തോതില്‍ വര്‍ധിക്കുന്നതിലുള്ള ശക്തമായ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി ഡ്രഗ്-ടെറര്‍ നെക്സസ് (ലഹരി-ഭീകരവാദ ബന്ധം) ചെറുക്കുന്നതിനായി പ്രത്യേക ജി20 സംരംഭത്തിനും ആഹ്വാനം ചെയ്തു.


എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവും നാഗരിക വിജ്ഞാനത്തില്‍ വേരൂന്നിയതുമായ മാതൃകകള്‍ ജി20 രാജ്യങ്ങള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അറിവ്, വൈദഗ്ധ്യം, സുരക്ഷ എന്നിവയിലെ സഹകരണം പുനഃക്രമീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള മൂന്ന് പ്രധാന നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രി മുന്നോട്ടുവെച്ചു.


ലോകം കാലാവസ്ഥാ പ്രതിസന്ധിയും അതിവേഗം മാറുന്ന ജീവിതശൈലികളും നേരിടുന്ന ഈ സമയത്ത്, ആരോഗ്യം, പരിസ്ഥിതി, സാമൂഹിക ഐക്യം എന്നിവ സംബന്ധിച്ച പരമ്പരാഗത അറിവുകള്‍ രേഖപ്പെടുത്തുകയും പങ്കുവെക്കുകയും ഭാവി തലമുറകള്‍ക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ഈ ശേഖരത്തിന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു.




Feedback and suggestions