20, November, 2025
Updated on 20, November, 2025 18
ഇസ്ലാമാബാദ്: ഇന്ത്യയുമായി സമ്പൂർണ യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് (Pakistan’s Defence Minister Khawaja Asif). അതിനാൽ രാജ്യം കടുത്ത ജാഗ്രതയിലാണെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയുമായുള്ള യുദ്ധം ഒരു തരത്തിലും അവഗണിക്കാൻ കഴിയില്ല. പരമാവധി തയാറെടുപ്പുകളിലും ജാഗ്രതയിലുമാണ് പാക്കിസ്ഥാനെന്നും ഖ്വാജ ആസിഫ് വ്യക്തമാക്കി.ഒരിക്കലും ഇന്ത്യയെ വിശ്വസിക്കാൻ കഴിയില്ലെന്നും അഫ്ഗാനിസ്ഥാനിൽ നിന്നടക്കം ആക്രമണങ്ങൾ തുടരാൻ ഇന്ത്യയ്ക്കു കഴിയും. അതൊരു പൂർണമായ യുദ്ധത്തിലേക്ക് പോകാനും സാധ്യതയുണ്ടെന്നുമാണ് ഖ്വാജ ആസിഫ് മാധ്യമങ്ങളോട് പറഞ്ഞത്. അതിർത്തി കടന്നുള്ള ആക്രമണങ്ങളോ അതിക്രമങ്ങളോ ഇന്ത്യ നടത്താൻ സാധ്യതയുണ്ടെന്നും ഖ്വാജ ആരോപിക്കുന്നു.അതിനാൽ ഇസ്‌ലാമാബാദ് പൂർണ്ണ ജാഗ്രതയിൽ ആയിരിക്കണമെന്നും പ്രതിരോധ മന്ത്രി വിശദീകരിക്കുന്നു. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും ആരോപണത്തിൽ പറയുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂരിനെത്തുടർന്ന് വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും കിഴക്കൻ, പടിഞ്ഞാറൻ അതിർത്തികളിൽ സുരക്ഷാ വെല്ലുവിളികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇസ്ലാമാബാദ് പൂർണ്ണ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിനെ ‘‘88 മണിക്കൂർ നീണ്ട ട്രെയിലർ’’ എന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വിശേഷിപ്പിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ വിവാദ പരാമർശം പുറത്തുവന്നത്. ഇസ്‌ലാമാബാദിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാൽ അതിശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും കരസേനാ മേധാവി മുന്നറിയിപ്പ് നൽകിയിരുന്നു.പാകിസ്ഥാനിലെ ആക്രമണങ്ങൾക്ക് ഉത്തരവാദികളായ അഫ്ഗാനിസ്ഥാൻ ആസ്ഥാനമായുള്ള ഗ്രൂപ്പുകളെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉൾപ്പെടെയുള്ള പാകിസ്ഥാൻ നേതൃത്വം ആവർത്തിച്ച് ആരോപിച്ചിരുന്നു. ഇതിനിടെയാണ് പുതിയ പരാമർശമവുമായി പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തിയത്.