മഴ; പത്തനംതിട്ട ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

8 relief camps opened in Pathanamthitta district
31, May, 2025
Updated on 31, May, 2025 23

8 relief camps opened in Pathanamthitta district

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തിരുവല്ല താലൂക്കില്‍ ആറും മല്ലപ്പള്ളി, കോന്നി താലൂക്കുകളില്‍ ഒന്നു വീതം ക്യാമ്പുകളാണുള്ളത്. തിരുവല്ല താലൂക്കില്‍ തോട്ടപ്പുഴശേരി എംടിഎല്‍പി സ്‌കൂള്‍, കുറ്റപ്പുഴ സെന്റ് തോമസ് സ്‌കൂള്‍, കുറ്റൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍, നിരണം സെന്റ് ജോര്‍ജ് യുപിഎസ്, കോയിപ്രം കുമ്പനാട് ഗേള്‍സ് സ്‌കൂള്‍, ഇരവിപേരൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍, മല്ലപ്പള്ളി താലൂക്കില്‍ ആനിക്കാട് പിആര്‍ഡിഎസ് സ്‌കൂള്‍, കോന്നി താലൂക്കില്‍ തണ്ണിത്തോട് പകല്‍വീട് എന്നിവിടങ്ങളിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. 40 കുടുംബങ്ങളിലായി 67 പുരുഷന്മാരും 56 സ്ത്രീകളും 17 കുട്ടികളുമുള്‍പ്പെടെ 140 പേരാണ് ക്യാമ്പിലുള്ളത്.

പത്തനംതിട്ടയിലെ മഴക്കെടുതിയിൽ 197 വീടുകള്‍ ഭാഗികമായി തകര്‍ന്നു. രണ്ട് വീടുകൾ പൂർണ്ണമായി തകർന്നു. കോഴഞ്ചേരി അടൂർ താലൂക്കുകൾ ആണ് രണ്ടു വീടുകൾ പൂർണമായി തകർന്നത്. തിരുവല്ല 53, റാന്നി 37, അടൂര്‍ 32, കോഴഞ്ചേരി 31, കോന്നി 22, മല്ലപ്പള്ളി 22 എന്നിവിടങ്ങളിലാണ് ഭാഗികമായി വീടുകൾ തകർന്നത്. ജില്ലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്കും കനത്ത നഷ്ടം ഉണ്ടായി. ജില്ലയിലെ മൂന്ന് സെക്ഷനുകളിലായി 68.2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
മരങ്ങള്‍ വീണ് 124 ഹൈടെന്‍ഷന്‍ പോസ്റ്റും 677 ലോടെന്‍ഷന്‍ പോസ്റ്റും തകര്‍ന്നു. 992 ട്രാന്‍സ്‌ഫോര്‍മറുകളും തകരാറിലായി.




Feedback and suggestions