അസിം മുനീർ കൂടുതൽ കരുത്തനാകുന്നു


7, November, 2025
Updated on 7, November, 2025 51


ഇസ്ലാമാബാദ്: ഫീൽഡ് മാർഷൽ അസിം മുനീറിന് കൂടുതൽ അധികാരം ലഭിക്കുന്ന തരത്തിൽ പാകിസ്താൻ ഭരണഘടനയിൽ ഭേദഗതി വരുത്താൻ സർക്കാർ. കരസേനാ മേധാവിയുടെയും സായുധ സേനയുടെയും നിയമനത്തെ നിയന്ത്രിക്കുന്ന ആർട്ടിക്കിൾ 243ൽ മാറ്റം വരുത്താനാണ് നീക്കം. ഇത് സൈന്യത്തിന് കൂടുതൽ അധികാരം നൽകും. ഷെഹ്ബാസ് ഷെരീഫ് സർക്കാർ ഈ ഭരണഘടനാ ഭേദഗതി ഉടൻ പാർലമെൻ്റിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.



പാകിസ്താൻ സർക്കാർ സൈന്യത്തിൻ്റെ കമാൻഡ് സംബന്ധിച്ച മാറ്റങ്ങൾ ഉൾക്കൊള്ളുന്ന 27-ാം ഭരണഘടനാ ഭേദഗതി കൊണ്ടുവരാനാണ് ഒരുങ്ങുന്നത്. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ ചൊവ്വാഴ്ചയാണ് ഇക്കാര്യം പാർലമെൻ്റിൽ അറിയിച്ചത്. ഈ ഭേദഗതിയിലൂടെ സൈന്യത്തിൻ്റെ നിയന്ത്രണം കൂടുതൽ ശക്തിപ്പെടുത്താനും ദേശീയ കാര്യങ്ങളിൽ സൈന്യത്തിൻ്റെ പങ്ക് വർധിപ്പിക്കാനും സാധ്യതയുണ്ട്.



27-ാം ഭേദഗതിക്ക് പിന്തുണ തേടി സർക്കാർ തന്നെ സമീപിച്ചതായി പാകിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) മേധാവി ബിലാവൽ ഭൂട്ടോ സമൂഹമാധ്യമത്തിൽ കുറിച്ചതിനെ തുടർന്നാണ് ഭരണഘടനയിലെ മാറ്റങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ആരംഭിച്ചത്. പാകിസ്താൻ പാർലമെൻ്റിൻ്റെ ഉപരിസഭയായ സെനറ്റിൽ സംസാരിക്കവെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറും റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു.



അതേസമയം ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെ ഭരണഘടന മാറ്റാൻ സർക്കാർ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷമായ പാകിസ്താൻ തെഹ്‌രീക്-ഇ-ഇൻസാഫ് പാർട്ടി ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ, ഈ മാറ്റങ്ങൾ സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശത്തെ ദോഷകരമായി ബാധിക്കുമെന്നും 2010-ൽ സംസ്ഥാനങ്ങൾക്ക് അധികാരങ്ങൾ വികേന്ദ്രീകരിച്ച 18-ാം ഭേദഗതിയുടെ നല്ല പ്രവർത്തനങ്ങളെ ഇത് ഇല്ലാതാക്കുമെന്നും പിപിപി സെനറ്റർ റസ റബ്ബാനി അഭിപ്രായപ്പെട്ടു.




Feedback and suggestions