3, November, 2025
Updated on 3, November, 2025 17
ടെഹ്റാൻ: ഇറാൻ വീണ്ടും ആണവ പദ്ധതി സജീവമാക്കുന്നു. രാജ്യത്തെ ആണവ പദ്ധതി വീണ്ടും ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രഖ്യാപിച്ചു. ഇസ്രയേലിന്റെയും അമേരിക്കയുടെയും ആക്രമണങ്ങളിൽ തകർന്ന ആണവ കേന്ദ്രങ്ങൾ പുനർ നിർമ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപത്തേക്കാൾ ശക്തമായ രീതിയിൽ ആണവ പദ്ധതികളുമായി രാജ്യം മുന്നോട്ട് പോകുമെന്നാണ് മസൂദ് പെസെഷ്കിയാൻ പ്രഖ്യാപിച്ചിരിക്കുന്നത്.
ടെഹ്റാനിലെ അറ്റോമിക് എനർജി ഓർഗനൈസേഷൻ ആസ്ഥാനത്താണ് പെസെഷ്കിയാൻ ഈ പ്രഖ്യാപനം നടത്തിയത്. ആണവ മേഖലയിൽ പ്രവർത്തിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് ഇറാൻ പ്രസിഡന്റിന്റെ പ്രസ്താവന.“ഫാക്ടറികളും കെട്ടിടങ്ങളും തകർത്തത് ഇറാനെ പിന്നോട്ടടിക്കില്ല. അതിനേക്കാൾ ശക്തമായ സൗകര്യങ്ങളാണ് ഇനി പുനർനിർമിക്കുക,” – അദ്ദേഹം വ്യക്തമാക്കി.