2, November, 2025
Updated on 3, November, 2025 250
കൊച്ചി :
വളരെ കാലപ്പഴക്കം ചെന്ന മുല്ലപ്പെരിയാർ ഡാം ഡി കമ്മിഷൻ ചെയ്തു ജനത്തിനെയും സംസ്ഥാനത്തിന് സംരക്ഷിക്കുവാൻ
കേരള പിറവി ദിനത്തിൽ കേരള പീപ്പിൾസ് മൂവ്മെന്റ് ആവശ്യപ്പെട്ടു. കൊച്ചിൻ സിറ്റി കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പാലാരിവട്ടം ജംഗ്ഷനിൽ നടന്ന മുല്ലപ്പെരിയാർ വിശദീകരണ യോഗത്തിൽ കൊച്ചിൻ സിറ്റി കമ്മിറ്റി ചെയർമാൻ അഡ്വ. പി ജെ ജോഷി അധ്യക്ഷത വഹിച്ചു. കേരള പീപ്പിൾസ് മൂവ്മെന്റ് ചെയർമാൻ അഡ്വ. ജേക്കബ് പുള്ളിക്കൻ ഉദ്ഘാടനം നിർവഹിച്ചു.
സിറ്റി ജില്ലാ കൺവീനർ ടി. പി.ബാബു, സ്റ്റാൻലി പൗലോസ്,തീരദേശത്തിന്റെ ശബ്ദം ജോൺ ബോസ്കോ ഡിക്രൂസ്, കോൺഗ്രസ് പ്രാദേശിക നേതാക്കളായ എൻ.ഗോപാലൻ,മഹേശ്വരി, ടോം ഒഴികെയിൽ,എസ്. ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു.
മുല്ലപ്പെരിയാർ പ്രശ്നത്തിന്റെ നിയമപരവും സാങ്കേതികവുമായ വശങ്ങൾ അറിയാത്തവരും ഖനി- ക്വാറി-ക്രഷർ- മണൽ-റിയൽ എസ്റ്റേറ്റ്-വനം കയ്യേറ്റം-വനം കൊള്ള-കഞ്ചാവ് -ഹാഷിഷ്- എം.ഡി. എം.എ - ഇതര മയക്കു മരുന്നു ലോബികൾക്കുവേണ്ടി കങ്കാണിപ്പണിചെയ്ത് ലാഭം കൊയ്യാൻ നടക്കുന്നവരുമായ കുറെ ആളുകൾ ചില മുദ്രവാക്യങ്ങളുമായി വീണ്ടും ഇറങ്ങിയിട്ടുണ്ട്.
ഡാമിന്റെ അടിത്തട്ടിൽ നിന്ന് 50 അടി ഉയരത്തിൽ കണ്ടെയ്നർ ലോറി വരെ കടന്നുപോകാവുന്ന വ്യാസത്തിൽ അടിത്തട്ടിനു കീഴെ ഇതേ വ്യാസത്തിലുള്ള തമിഴ്നാടിന്റെ 'നുട്രീനോ പദ്ധതി' യുടെ സമാനമായ ടണലിന് മീതെകൂടി 07 കിലോമീറ്റർ നീളത്തിൽ സഹ്യ പർവ്വതം ഇപ്പുറത്തുനിന്ന് അപ്പുറത്തേയ്ക്ക് തുരന്ന് മറ്റൊരു ടണൽ നിർമ്മിച്ച് അവർക്കു വെള്ളം കൊടുത്തു പ്രശ് നം പരിഹരിക്കാമെന്നും അതിനു 2014 ലെ സുപ്രീം കോടതി വിധിയിൽ നിർദ്ദേശമുണ്ടെന്നും പറഞ്ഞു കുറേനാൾ നടന്നു!
എന്നാൽ സുപ്രീം കോടതി വിധിയിൽ ഉണ്ടായിരുന്നത് കേരളം ബദലായി ഉന്നയിച്ച ആ നിർദ്ദേശം ഡാമിന്റെ ഉടമസ്ഥരായ തമിഴ്നാടിനു സമ്മതമാണെങ്കിൽ ഒരുവർഷത്തിനുള്ളിൽ അതിനുള്ള വിശദമായ പ്രോജക്ട് തയ്യാറാക്കി സമർപ്പിച്ചാൽ അതനുവദിക്കണോ വേണ്ടയോ എന്നു അപ്പോൾ കോടതി പറയാമെന്നുമായിരുന്നു.
തമിഴ്നാടിനു അത് സ്വീകാര്യമല്ലാതിരുന്നതിനാലും അവർ അക്കാര്യത്തിൽ പ്രതികരിക്കുകപോലും ചെയ്യാതിരുന്നതിനാലും ഒരു വർഷത്തിനകം വിധിയിലെ ആ ഭാഗംതന്നെ ഇല്ലാതായിപ്പോയി . വീണ്ടും അതുൾപ്പെടുത്തിയെടുത്താൽ പോലും അത്യന്തം വിനാശകരമായിരിക്കുമെന്നും വിശദീകരിച്ചപ്പോൾ, അതുവേണമെങ്കിൽ താൻ ചെയ്യാമെന്നുപറഞ്ഞുവന്ന സാക്ഷാൽ ഇ.ശ്രീധരൻ തന്നെ പിൻവാങ്ങുകയുമാണ് ചെയ്തത്.
ഇതൊന്നും മനസിലാക്കുകയോ പഠിക്കുകയോ ചെയ്യാത്ത ചില ആളുകൾ ഇപ്പോൾ വേറെ മറ്റു മുദ്രാവാക്യങ്ങളുമായാണ് വരുന്നത്.
ഒന്നാമത്തെ മുദ്രാവാക്യം "മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദു ചെയ്യുക "എന്നതാണ് . ആര്? എങ്ങനെ?
ഏറ്റവും നല്ല മുന്നനുഭവം മുല്ലപ്പെരിയാർ വിഷയത്തിൽ തന്നെ കിടക്കുന്നുണ്ട് . കേരളത്തിനു കരകയറാനാകാത്ത വിധമുള്ള 2014 ലെ ഈ വിധി തന്നെ ഉണ്ടാകാൻ കാരണമെന്താണ്?
'മുല്ലപ്പെരിയാർ പരിസ്ഥിതി സംരക്ഷണ ഫോറം' എന്ന സംഘടന കേന്ദ്ര ഗവൺമെന്റിനെയും മറ്റും എതിർകക്ഷികളായി ചേർത്തു സുപ്രീം കോടതിയിൽ കൊടുത്ത ഒരു 'റിട്ട് ' കേസിൽ കോടതി മുൻപാകെ വന്ന സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ ജലനിരപ്പ് 142 അടിവരെ ആകാമെന്നു കോടതി വിധിച്ചു.
2006 ലെ ആ വിധിയെ മറികടക്കാൻ കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങൾ ഒന്നായി ചേർന്നു ജലനിരപ്പ് 136 അടിയിൽ കൂടുതലാകാൻ പാടില്ല എന്നു നിർഷ്‌ക്കർഷിച്ചുകൊണ്ട് ഒരു നിയമം (Kerala Irrigation and Water Conservation (Amendment) Act, 2006) പാസാക്കിയിരുന്നു.
അതിനെതിരെ തമിഴ്നാട് സുപ്രീംകോടതിയിൽ സമർപ്പിച്ച അസ്സൽ അന്യായ (Original Suit)
ത്തിലാണ് 2014 ലെ ഈ അതി പ്രധാനമായ വിധി.
അതിനെ മറികടക്കാൻ ഇന്ത്യയിൽ വേറെ കോടതിയില്ല. ആകെയുള്ള ഒരു മാർഗ്ഗം വിധിയിൽ കോടതിതന്നെ പറഞ്ഞിട്ടുള്ളതുപോലെ സുരക്ഷയുടെ കാര്യത്തിൽ പരിഗണിക്കത്തക്ക വിധത്തിൽ ഡാമിന് ബലക്ഷയമുണ്ടായാൽ വീണ്ടും ചീഫ് ജസ്റ്റീസും നാലിൽ കുറയാത്ത ഇതരജഡ്ജിമാരും അടങ്ങുന്ന ബെഞ്ചിൽ വീണ്ടും കേസ് ഫയൽചെയ്യാം എന്നാണ്.
കോടതിതന്നെ നിയമിച്ച വിദഗ്ധ സമിതിയിൽ കേരളത്തിന്റെ പ്രതിനിധി എന്ന നിലയിൽ ഉൾപ്പെട്ടിരുന്ന മുൻ സുപ്രീം കോടതി ജഡ്ജി തന്നെ അഭിപ്രായപ്പെട്ടിരിക്കുന്നത് ഇനിയും 1000 വർഷത്തേയ്ക്ക് ഡാമിന്റെ ബലത്തിനു യാതൊരു കുഴപ്പവും ഉണ്ടാകാൻ ഇടയില്ലെന്നാണ് !
പക്ഷേ, നമ്മുടെ ഭരണ-പ്രതിപക്ഷ മുന്നണികൾ അതാണ് തങ്ങളുടെ നയവും ഉദ്ദേശവുമെന്നാണ് ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്!
അടിയന്തിര സാങ്കേതിക പരിഹാരം ഉടൻ പ്രാവർത്തിക മാക്കുന്നത് സംബന്ധിച്ചും അനാവശ്യമായ കേസുകൾ കൊടുത്ത് കൂടുതൽ കമ്മിറ്റികൾ ഉണ്ടായി . അവ തമിഴ്നാടിന്റെ സ്വാധീനത്തിൽ നിരന്തരം കേരളത്തിനെതിരായ റിപ്പോർട്ടുകൾ കൊടുക്കുന്നു.
പ്രശ്ന പരിഹാരം എന്നത് മുങ്ങിച്ചാകാൻ പോകുന്ന ജനലക്ഷങ്ങൾ "ഞങ്ങൾ അത് പൊളിച്ചുനീക്കും"എന്ന ഒരൊറ്റ മുദ്രാവാക്യവുമായി ലോക ശ്രദ്ധ ആകർഷിക്കുന്ന അതിശക്തമായ സമരം സംഘടിപ്പിക്കുക എന്നത് മാത്രമാണ്.
130 വർഷം പഴക്കമുള്ള ആ ഡാം പൊളിച്ചു നീക്കാൻ വേറെ ഒരു കാരണവും വേണ്ട. അതിനു UN ന്റെയും UNESCO യുടെയും ലോകനേതാക്കളുടെയും ഇടപെടൽ വേണം. അതിന് ജനകീയ പ്രക്ഷോഭം ഉയർന്നുവരണം.
'ഗാഡ്ഗിൽ റിപ്പോർട്ടി' ന്റെ പിൻബലത്തിൽ ലോക കോടതി യിൽ ഒരു കേസ് ഫയൽ ചെയ്തും ശ്രമിക്കാവുന്നതാണെന്ന് അഡ്വ. ജേക്കബ് പുളിക്കൻ അഭിപ്രായപ്പെട്ടു.