അത്യാധുനിക ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന


1, November, 2025
Updated on 1, November, 2025 35


തിരുവനന്തപുരം: വലിയ ഭാരം വഹിച്ച് കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന അത്യാധുനിക ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന. ദ്വീപുകള്‍ കേന്ദ്രീകരിച്ചുള്ള സമുദ്രവ്യാപാരരംഗത്ത് നിര്‍ണായകമായ മാറ്റം കൊണ്ടുവരുകയാണ് ലക്ഷ്യം. വ്യോമസേനയുടെ മെഹര്‍ ബാബ കോംപറ്റീഷന്‍(എംബിസി) പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്ന നാലാം തലമുറയെന്നു വിശേഷിപ്പിക്കാവുന്ന ഡ്രോണുകളാണിത്.


ഈ ഇനത്തിലുള്ള മറ്റ് ഡ്രോണുകളെ അപേക്ഷിച്ച് ഏറ്റവും ആധുനികമായതും വ്യത്യസ്ത സവിശേഷതകളും ഉള്‍ക്കൊണ്ടാണ് എംബിസി-4 അഥവാ ഓവര്‍ ദ സീ കാര്‍ഗോ ഡ്രോണ്‍സ് വിഭാഗത്തില്‍പ്പെട്ട ഈ ഡ്രോണ്‍ വികസിപ്പിക്കുന്നത്. 300 കിലോ ഭാരം വഹിക്കാനുള്ള കഴിവും 500 കിലോമീറ്റര്‍ ദൂരപരിധിവരെ പറക്കാന്‍ പറ്റുന്നവയാണിവ.



ഒറ്റയാത്രയില്‍ അഞ്ചു മണിക്കൂര്‍വരെ പറക്കാം. ആഭ്യന്തര വ്യാപാരം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇവ സഹായകമാകും. ലക്ഷദ്വീപ്, മിനിക്കോയ് ദ്വീപുകളിലെ വ്യാപാരങ്ങള്‍ക്ക് ഏറെ ഗുണംചെയ്യും. ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതോടെ ലാബ് പരീക്ഷണവും രൂപരേഖ തയ്യാറാക്കലും കഴിഞ്ഞാണ്‍ ഉത്പാദനത്തിലേക്ക് കടക്കും.


മൂന്നുവര്‍ഷംകൊണ്ട് ഡ്രോണുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് വ്യോമസേനാ അധികൃതര്‍ പറയുന്നത്. ഡ്രോണുകള്‍ നിര്‍മിക്കാനായി നൂറിലേറെ സ്റ്റാര്‍ട്ടപ് കമ്പനികളാണ് ഇതിനോടകം താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ഇന്ത്യയില്‍ സമുദ്രവ്യാപാരമേഖലയുമായി ബന്ധപ്പെട്ട പശ്ചാത്തലസൗകര്യങ്ങള്‍ക്കു വഴിയൊരുക്കാനും ഈ രംഗത്ത് രാജ്യത്തിന്റെ മത്സരക്ഷമത വര്‍ധിപ്പിക്കാനും സാധിക്കുകയെന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യമെന്ന് വ്യോമസേനാ സഹമേധാവി എയര്‍ മാര്‍ഷല്‍ നര്‍മ്ദേശ്വര്‍ തിവാരി പറഞ്ഞു.




Feedback and suggestions