ഖാർത്തൂം: സുഡാൻ സൈന്യവുമായി നടന്നുവരുന്ന ആഭ്യന്തരയുദ്ധം കടുപ്പിച്ച് റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്). ഡാർഫർ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തും നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയും ആർഎസ്എഫ് ആഭ്യന്തരയുദ്ധം ശക്തമാക്കിയിരിക്കുകയാണ്. മുൻപ് സുഡാൻ സർക്കാരിന് കീഴിൽ പ്രവർത്തിച്ചിരുന്ന അർധ സൈനിക വിഭാഗമായിരുന്നു ആർഎസ്എഫ്. രാജ്യത്തിന്റെ പടിഞ്ഞാറൻ ഡർഫർ മേഖലയിലെ എൽ ഫാഷർ നഗരം കഴിഞ്ഞദിവസമാണ് ഇവർ പിടിച്ചെടുത്തത്. തുടർന്ന്, എൽ ഫാഷറിലെ പ്രധാന ആശുപത്രിയിലുണ്ടായിരുന്ന 460 സാധാരണക്കാരെയാണ് കൊന്നൊടുക്കിയത്.
2023 മുതൽ സുഡാൻ സൈന്യവുമായി ആഭ്യന്തരയുദ്ധത്തിൽ ഏർപ്പെട്ടുവരികയാണ് ആർഎസ്എഫ്. ഡർഫർ മേഖലയിലെ സുഡാൻ സൈന്യത്തിന്റെ അവസാനശക്തികേന്ദ്രമായിരുന്നു എൽ ഫാഷർ. പതിനെട്ടുമാസത്തോളം നീണ്ട ആക്രമണത്തിന് പിന്നാലെ ഞായറാഴ്ചയാണ് എൽ ഫാഷറിനെ ആർഎസ്എഫ് പിടിച്ചെടുത്തത്. ഇതിന് പിന്നാലെയാണ് നൂറുകണക്കിനാളുകളെ കൊന്നൊടുക്കിയ ക്രൂരത അരങ്ങേറിയത്.