30, October, 2025
Updated on 30, October, 2025 18
മിസിസിപ്പി: മിസിസിപ്പിയിൽ പരീക്ഷണശാലയിൽനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകവെ വാഹനം മറിഞ്ഞ് വൈറസ് ബാധിച്ച മൂന്ന് കുരങ്ങുകൾ പുറത്തുചാടി. കോവിഡ്, ഹെപ്പറ്റൈറ്റിസ് സി, ഹെർപ്പസ് തുടങ്ങിയ രോഗങ്ങളുടെ വൈറസുകൾ ബാധിച്ച കുരങ്ങുകളാണ് രക്ഷപ്പെട്ടത്. ഇതേത്തുടർന്ന് മേഖലയിൽ അധികൃതർ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് കുരങ്ങുകളുമായി പോയ ട്രക്ക് ഇന്റർസ്റ്റേറ്റ് 59-ൽ അപകടത്തിൽപ്പെട്ട് മറിഞ്ഞത്. വിവിധ പരീക്ഷണങ്ങളുടെ ഭാഗമായി വൈറസ് ബാധിതരായിരുന്ന മൂന്ന് റീസസ് മക്കാക്ക് വിഭാഗത്തിൽപ്പെട്ട കുരങ്ങുകളാണ് പുറത്തുചാടിയത്. ആക്രമണ സ്വഭാവമുള്ള ഈ കുരങ്ങുകളെ പിടികൂടാൻ തദ്ദേശീയ ഭരണകൂടം വലിയ സന്നാഹം ഒരുക്കി. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
രക്ഷപ്പെട്ടവരിൽ രണ്ട് കുരങ്ങുകളെ വെടിവെച്ച് കൊന്നതായി പോലീസ് അറിയിച്ചു. അവശേഷിക്കുന്ന ഒന്നിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
ഇന്ത്യ, ചൈന, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ കാണപ്പെടുന്ന റീസസ് കുരങ്ങുകൾക്ക് മനുഷ്യൻ്റെ ശരീരഘടനയോടും രൂപത്തോടും ഏറെ സാമ്യമുണ്ട്. ലഭ്യത കൂടുതലായതിനാൽ ഇവയെ മരുന്ന് പരീക്ഷണങ്ങൾക്കായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കോവിഡ് വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിലും ഇവയെ ഉപയോഗിച്ചിരുന്നു.
മനുഷ്യരക്തത്തിലെ ആർഎച്ച് ഫാക്ടറിനും റീസസിലെ ആർഎച്ച് ഫാക്ടറിനും തമ്മിൽ വലിയ സാമ്യമുണ്ട്. ഡിഎൻഎയിൽ 93 ശതമാനം സാമ്യതയുമുണ്ട്. 1949-ൽ അമേരിക്ക നടത്തിയ ബഹിരാകാശ ദൗത്യത്തിൽ ആദ്യം ഉപയോഗിച്ച സസ്തനി റീസസായിരുന്നു. എന്നാൽ പാരച്യൂട്ടിലെ തകരാറുമൂലം ആ കുരങ്ങ് ചത്തുപോയി. 1950-കളിലും 1960-കളിലും യുഎസ് നടത്തിയ ബഹിരാകാശ ദൗത്യങ്ങളിലും റീസസായിരുന്നു പരീക്ഷണ മൃഗം. 1997-ലെ സോവിയറ്റ്-റഷ്യൻ പദ്ധതിയായ ബയോണിലും റീസസ് കുരങ്ങിനെ ബഹിരാകാശത്തേക്ക് അയച്ചിരുന്നു.