30, October, 2025
Updated on 30, October, 2025 27
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് ഹൃദ്രോഗം, വൃക്ക തകരാറുകൾ, നാഡി പ്രശ്നങ്ങൾ എന്നിവ പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അനാരോഗ്യകരമായ ഭക്ഷണമാണ് പലപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാൻ കാരണം. ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് നില ശരിയായ അളവിൽ നിലനിർത്താൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വീട്ടിൽ ചെയ്യാവുന്ന ചില നുറുങ്ങുകൾ ഉണ്ട്.
*ശരീരത്തിൽ ജലാംശം നിലനിർത്തുക*
ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുന്നതിനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് ഏറ്റവും എളുപ്പമുള്ളതും ഫലപ്രദവുമായ മാർഗമാണിത്. ജലാംശം നിലനിർത്തുന്നത് രക്തത്തിലെ ഗ്ലൂക്കോസിനെ നേർപ്പിക്കുകയും വൃക്കകളെ നന്നായി പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതിലൂടെ അധിക ഗ്ലൂക്കോസ് ശരീരത്തിൽ നിന്ന് മൂത്രത്തിലൂടെ പുറത്തുപോകുന്നു. പഠനങ്ങൾ അനുസരിച്ച്, ഒരു മുതിർന്നയാൾ ഓരോ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ഇതുകൂടാതെ, ഓരോ ഭക്ഷണത്തിനും മുമ്പ് ഒരു ഗ്ലാസ് കുടിക്കാൻ ശ്രമിക്കുക.
*ദിവസവുമുള്ള വ്യായാമം*
ദിവസവും വ്യായാമം ചെയ്യുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഫലപ്രദമായി നിയന്ത്രിക്കാൻ സഹായിക്കും. ശരീരത്തെ ഇൻസുലിൻ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ വ്യായാമം സഹായിക്കുന്നു, ഗ്ലൂക്കോസ് നന്നായി ആഗിരണം ചെയ്യാൻ കോശങ്ങളെ പ്രാപ്തമാക്കുന്നു. വേഗത്തിലുള്ള നടത്തം, സൈക്ലിങ് അല്ലെങ്കിൽ നീന്തൽ തുടങ്ങിയ മിതമായ വ്യായാമം ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ചെയ്യുക. ഇടവേളകളിൽ പടികൾ കയറുകയോ നടക്കാൻ പോകുകയോ പോലുള്ള ചെറിയ വ്യായാമങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.
*ഭക്ഷണം ചെറിയ അളവുകളായി കഴിക്കുക*
ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാൻ സഹായിക്കും. ഒരുമിച്ച് വലിയ അളവിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് കാരണമാകും, പ്രത്യേകിച്ച് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ. കഴിക്കാൻ ചെറിയ പാത്രങ്ങൾ ഉപയോഗിക്കുക, പാത്രത്തിലെ ഭക്ഷണത്തിന്റെ അളവ് നിരീക്ഷിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനാകും.
*സമ്മർദം നിയന്ത്രിക്കുക*
സമ്മർദം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സാരമായി ബാധിക്കും. സമ്മർദത്തിലായിരിക്കുമ്പോൾ, ശരീരം കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ ഹോർമോണുകൾ പുറത്തുവിടുന്നു, ഇത് രക്തത്തിലെ പഞ്ചസാര വർധിപ്പിക്കും.
*മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക