2028 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് സൂചന നൽകി കമലാ ഹാരിസ്


26, October, 2025
Updated on 26, October, 2025 31


വാഷിങ്ടൺ: 2028-ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനുള്ള സാധ്യത തള്ളാതെ മുൻ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് കമല ഇതു സംബന്ധിച്ച സൂചന നൽകിയത്. ഭാവിയിൽ ഒരു വനിതാ പ്രസിഡന്റ് വൈറ്റ് ഹൗസിലെത്തും എന്നതിൽ തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും അത് തന്റെ കൊച്ചുമക്കളുടെ തലമുറയ്ക്കുള്ളിൽ തന്നെ സംഭവിക്കുമെന്നും ഹാരിസ് വ്യക്തമാക്കി.


“എന്റെ മുഴുവൻ കരിയറും പൊതുസേവനത്തിനായി സമർപ്പിച്ചതാണ്. സർവേകളുടെ അഭിപ്രായങ്ങൾ കേട്ടിരുന്നുവെങ്കിൽ ഞാൻ ഇവിടെ ഇരിക്കുമായിരുന്നില്ല,” — കമല ഹാരിസ്, ബിബിസിയോട് പറഞ്ഞു. അഭിമുഖത്തിൽ ഡൊണൾഡ് ട്രംപിനെ കടുത്ത ഭാഷയിൽ വിമർശിച്ച ഹാരിസ്, “ഏകാധിപതിയും ഫാഷിസ്റ്റും” എന്നാണ് ട്രംപിനെ വിശേഷിപ്പിച്ചത്.



ട്രംപ് ഒരു സ്വേച്ഛാധിപത്യ ഭരണകൂടം സ്ഥാപിക്കുമെന്ന് ഞാൻ പ്രചാരണ വേളയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് അതാണ് സംഭവിച്ചിരിക്കുന്നത്. നീതിന്യായ വകുപ്പിനെയും ഫെഡറൽ ഏജൻസികളെയും അദ്ദേഹം രാഷ്ട്രീയ ആയുധങ്ങളാക്കി, മാധ്യമങ്ങളെയും വിമർശകരെയും ലക്ഷ്യമാക്കി ആക്രമിച്ചു,” — കമല ഹാരിസ് ആരോപിച്ചു.


“ട്രംപിന് തമാശയെയും വിമർശനത്തെയും സഹിക്കാൻ കഴിയില്ല. ഒരു ലഘു അഭിപ്രായവ്യത്യാസം പോലും മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുള്ള കാരണമായാണ് അദ്ദേഹം കാണുന്നത്.” കമല ചൂണ്ടിക്കാട്ടി. കമല ഹാരിസിന്റെ ഈ പ്രസ്താവനയെ 2028 പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള രാഷ്ട്രീയ നീക്കത്തിന്റെ സൂചനയായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.




Feedback and suggestions