സ്വന്തം താല്പര്യങ്ങളും ആവിശ്യങ്ങളും, മറ്റുള്ള രാജ്യങ്ങളുടെ ആത്മാഭിമാനത്തെ പോലും പരിഗണിക്കാതെ അടിച്ചേൽപ്പിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളുടെ സ്ഥിരം ഏർപ്പാടാണ്. അത്തരത്തിൽ അമേരിക്കയുടെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെയും സ്ഥിരം ഇരകളിൽ ഒന്നാണ് ഇറാൻ. ഉപരോധങ്ങളുടെയും നിയന്ത്രണങ്ങളുടെയും ഇടയിൽ കിടന്ന് ശ്വാസം മുട്ടുമ്പോഴും ഇറാൻ ഒരിക്കലും അടിയറവ് പറയാൻ തയ്യാറായിട്ടില്ല. സ്വന്തം ആത്മാഭിമാനത്തെ മുറുകെ പിടിക്കുന്നതിൽ ഇറാൻ എല്ലാകാലത്തും മറ്റ് രാജ്യങ്ങൾക്ക് ഒരു മാതൃകയായി മാത്രമേ നിലനിന്നിട്ടുള്ളൂ. ഇപ്പോഴിതാ വീണ്ടും ഇറാൻ അവരുടെ നിലപാട് ധീരമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇറാൻ്റെ വിദേശനയ ഉപദേശക സമിതി തലവനും മുൻ വിദേശകാര്യ മന്ത്രിയുമായ കമൽ ഖരാസിയാണ് പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഇറാന്റെ പുതിയ നിലപാടുകൾ അറിയിച്ചിരിക്കുന്നത്. പശ്ചിമേഷ്യയിലെ നിലവിലെ പ്രക്ഷുബ്ധ രാഷ്ട്രീയ സാഹചര്യത്തിൽ ഈ നിലപാടുകൾക്ക് ഏറെ പ്രസക്തിയുണ്ട്. ഇറാൻ തങ്ങളുടെ പരമാധികാരവും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കാൻ ഉറച്ചുനിൽക്കുന്നതിൻ്റെ വ്യക്തമായ സൂചനയാണ് കമൽ ഖരാസി നൽകിയിരിക്കുന്നത്. ചർച്ചകൾക്ക് ഞങ്ങൾ സന്നദ്ധരാണ്, തുറന്ന മനസോടെ തയ്യാറുമാണ്, പക്ഷേ ഒരു രാജ്യത്തിൻ്റെയും ‘അടിച്ചേൽപ്പിക്കലുകൾക്ക്’ വഴങ്ങാൻ തയ്യാറല്ല എന്ന് അദ്ദേഹം ശക്തമായി പ്രഖ്യാപിച്ചു.
ഇറാൻ്റെ ഈ നിലപാട് രൂപപ്പെടുന്നതിന് പിന്നിൽ മൂന്ന് സുപ്രധാന ഘടകങ്ങളുണ്ട്. ചർച്ചകൾക്ക് വിലങ്ങുതടിയാവുന്ന ഇസ്രയേൽ ആക്രമണങ്ങളാണ് അതിൽ പ്രധാനപ്പെട്ടത്. കമൽ ഖരാസി തന്റെ പ്രസ്താവനകളിൽ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്, അമേരിക്കയുമായുള്ള പരോക്ഷ ആണവ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, 2025 ജൂൺ പകുതിയോടെ ഇസ്രയേൽ നടത്തിയ ആക്രമണമാണ്. ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഈ ആക്രമണങ്ങൾ ഇറാനെ സംബന്ധിച്ചിടത്തോളം, ചർച്ചകളിലെ പാശ്ചാത്യ കക്ഷികളുടെ ആത്മാർത്ഥതയില്ലായ്മയുടെ തെളിവാണ്. ഇസ്രയേൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ഒമാനിൽ നടക്കേണ്ടിയിരുന്ന ആറാംഘട്ട അമേരിക്ക-ഇറാൻ ചർച്ചകൾ മാറ്റിവെക്കേണ്ട സാഹചര്യമാണുണ്ടായത്.
ചർച്ചകൾ യുക്തിസഹവും, ഇറാൻ്റെ മാന്യതയും അന്തസും പരിഗണിക്കുന്നതുമായിരിക്കണം. അടിച്ചേൽപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും ഞങ്ങൾ ചെറുക്കും എന്നാണ് ഖരാസി വ്യക്തമാക്കിയത്. ഭീഷണികൾക്ക് വഴങ്ങി ചർച്ചകളിൽ പങ്കെടുക്കുന്നത് മാന്യതയുള്ള ഒരു രാജ്യത്തിനും ചേർന്നതല്ലെന്നാണ് ഇറാൻ്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനിയുടെയും നിലപാട്.
മറ്റൊന്ന് ആണവ ഭീഷണിയാണ്. ഇറാൻ്റെ നിലവിലെ ആണവ നയം മതപരമായ ഒരു ഉത്തരവിനെ ആശ്രയിച്ചുള്ളതാണ്. ആയത്തുള്ള അലി ഖമേനി വൻ നശീകരണ ആയുധങ്ങളുടെ നിർമ്മാണവും ഉപയോഗവും മതപരമായി നിഷിദ്ധമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ മതപരമായ വിധി നിലനിൽക്കുന്നതിനാലാണ് ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നാണ് ഔദ്യോഗിക നിലപാട്.
എങ്കിലും, ഖരാസിയുടെ പുതിയ മുന്നറിയിപ്പ് ശ്രദ്ധേയമാണ്: “ഇറാൻ്റെ നിലനിൽപ്പിന് ഭീഷണിയുണ്ടായാൽ, ആണവ സിദ്ധാന്തം മാറ്റാൻ ഞങ്ങൾ നിർബന്ധിതരാകും.” ഇസ്രയേൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണ ശ്രമങ്ങളോടുള്ള നേരിട്ടുള്ള പ്രതികരണമാണിത്.
നിലവിൽ ഇറാൻ 60% വരെ ശുദ്ധീകരിച്ച യുറേനിയം ഉത്പാദിപ്പിക്കുന്നുണ്ട്. ആണവായുധ നിർമ്മാണത്തിന് 90% ശുദ്ധീകരണം ആവശ്യമാണ്. സാങ്കേതികമായി ആണവ ബോംബ് നിർമ്മിക്കാനുള്ള ശേഷി തങ്ങൾക്കുണ്ടെന്നും, എന്നാൽ മതപരമായ വിലക്ക് മാത്രമാണ് അതിൽ നിന്ന് പിന്നോട്ട് നിർത്തുന്നതെന്നും ഖരാസി പറയുന്നു. ഇസ്രയേൽ തങ്ങളുടെ ആണവ കേന്ദ്രങ്ങളെ ആക്രമിച്ചാൽ, രാജ്യത്തിൻ്റെ പ്രതിരോധ തന്ത്രം തന്നെ മാറും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത് വ്യക്തമാക്കുന്നത് പ്രകോപനങ്ങൾ അതിരുകടന്നാൽ, എല്ലാ വിലക്കുകളെയും മറികടന്ന് ഇറാൻ അവരുടെ സകല സന്നാഹങ്ങളുമുപയോഗിച്ച് തിരിച്ചടിക്കും എന്ന് തന്നെയാണ്.
ഇറാനുമേൽ അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങളുടെയും പാശ്ചാത്യ രാജ്യങ്ങളുടെ താൽപര്യങ്ങളും സംബന്ധിച്ച ദേശീയ നിലപാടാണ് അടുത്ത പ്രധാന ഘടകം. ഇറാനെ സംബന്ധിച്ച്, ആണവ ചർച്ചകൾ അവരുടെ മിസൈൽ ശേഷി, അല്ലെങ്കിൽ മേഖലയിലെ സഖ്യകക്ഷികൾക്കുള്ള പിന്തുണ എന്നിവയുമായി ബന്ധിപ്പിക്കാൻ അമേരിക്ക ശ്രമിക്കുന്നതിനെയാണ് ‘അടിച്ചേൽപ്പിക്കൽ’ എന്ന് വിളിക്കുന്നത്. അന്തസ്, വിവേകം, യുക്തി എന്നീ മൂന്ന് തത്വങ്ങളിൽ അധിഷ്ഠിതമായി മാത്രമേ ഏതൊരു ചർച്ചയിലും ഏർപ്പെടൂ എന്നത് ഇറാന്റെ പ്രഖ്യാപിത നിലപാടാണ്. മിസൈൽ ശേഷി അല്ലെങ്കിൽ പ്രാദേശിക ‘പ്രതിരോധ അച്ചുതണ്ടി’നുള്ള പിന്തുണ എന്നിവ ചർച്ച ചെയ്യാനോ വിട്ടുവീഴ്ച ചെയ്യാനോ ഇറാൻ ഒരിക്കലും തയ്യാറല്ല. പകരം, രാജ്യത്തിൻ്റെ ഊർജ്ജ സ്വയംപര്യാപ്തത ഉറപ്പാക്കാൻ യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അവകാശം അനിവാര്യമാണ് എന്നും, അത് അന്താരാഷ്ട്ര നിയമമനുസരിച്ചുള്ള തങ്ങളുടെ അവകാശമാണ് എന്നും ഇറാൻ ആവർത്തിച്ചുറപ്പിക്കുന്നുണ്ട്.
പ്രതിരോധ ശേഷിയിൽ അതിശക്തരായി മുൻനിരയിൽ തന്നെ നിലയുറപ്പിക്കാനാണ് ഇറാൻ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന, ഭീഷണികളോടും സൈനിക നടപടികളോടും ശക്തമായി പ്രതികരിക്കാൻ സജ്ജരാണ് എന്നും, എന്നാൽ യുക്തിസഹമായ നയതന്ത്രത്തിന് തടസ്സമുണ്ടാകരുതെന്നും ഖരാസിയുടെ പ്രസ്താവനകൾ ലോകത്തിന് നൽകുന്ന സന്ദേശമാണ്.