മോഷ്ടാവിന് കടയുടമയുടെ വക അപ്രതീക്ഷിത സമ്മാനം


11, October, 2025
Updated on 11, October, 2025 14


തിരുവനന്തപുരം: തിരക്കേറിയ കടയിൽനിന്ന് അതിവിദഗ്ധമായി സാധനം മോഷ്ടിച്ചയാൾക്ക് കടയുടമയുടെ വക അപ്രതീക്ഷിത സമ്മാനം. മോഷ്ടാവിനെ തേടിപ്പിടിച്ച് ‘മീശമാധവൻ’ പുരസ്‌കാരം നൽകിയാണ് കടയുടമ ആദരിച്ചത്. ഇതോടെ മോഷണത്തിന് മുതിർന്ന യുവാവിന് കിട്ടിയത് ജീവിതത്തിൽ മറക്കാനാവാത്ത ‘എട്ടിന്റെ പണി.’



കടയ്ക്കാവൂരിലെ ഒരു ബേക്കറിയിലാണ് സംഭവം. കടയിൽ ആളുകൾ ഉണ്ടായിരുന്നിട്ടും ആരുടെയും ശ്രദ്ധയിൽ പെടാതെ 500 രൂപയോളം വിലവരുന്ന സാധനം മാന്യമായ വസ്ത്രം ധരിച്ചെത്തിയ യുവാവ് കൈക്കലാക്കുകയായിരുന്നു. മോഷണം ആരും കണ്ടില്ലെന്ന് കരുതി യുവാവ് സ്ഥലം വിട്ടെങ്കിലും, എല്ലാം കടയിലെ സി.സി.ടി.വി.യിൽ കൃത്യമായി പതിഞ്ഞിരുന്നു.


ദൃശ്യങ്ങൾ കണ്ട കടയുടമ ആദ്യം പോലീസിൽ പരാതി നൽകാൻ ആലോചിച്ചെങ്കിലും, മോഷ്ടാവിന് ഒരു മറക്കാനാവാത്ത പാഠം നൽകാൻ തീരുമാനിക്കുകയായിരുന്നു. സാധനങ്ങൾ അടിച്ചു മാറ്റുന്നവരുടെ ‘കഷ്ടപ്പാടിനെ ബഹുമാനിക്കുകയും അംഗീകരിക്കുകയും’ വേണമെന്ന രസകരമായ നിലപാടാണ് കടയുടമ സ്വീകരിച്ചത്.


തുടർന്ന്, സി.സി.ടി.വി. ദൃശ്യത്തിൽനിന്നുള്ള മോഷ്ടാവിൻ്റെ ചിത്രം പതിപ്പിച്ച് ഒരു പ്രത്യേക ഫലകം തയ്യാറാക്കി. ഒരു പൊന്നാടയും വാങ്ങി കടയുടമ ഭാര്യയേയും കൂട്ടി യുവാവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു.


വീട്ടിലെത്തിയ കടയുടമ, ഞെട്ടലോടെ നിന്ന യുവാവിനെ പൊന്നാട അണിയിക്കുകയും ‘മീശമാധവൻ’ പുരസ്‌കാരം എന്ന് പേരിട്ട ഫലകം കൈമാറുകയും ചെയ്തു. ഈ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും എടുത്ത് ഉടമ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.


“തനിക്ക് അബദ്ധം പറ്റിപ്പോയതാണെന്ന്” യുവാവ് പറയുമ്പോൾ “അതൊന്നും സാരമില്ല” എന്ന് കടയുടമ മറുപടി നൽകുന്നതും വീഡിയോയിൽ കാണാം. മോഷണം നടത്തുന്നവരുടെ ശ്രദ്ധ ആകർഷിക്കാനും ഒരു മുന്നറിയിപ്പ് നൽകാനുമാണ് താൻ ഇത് ചെയ്തതെന്ന് കടയുടമ പറയുന്നു. “കടവും വായ്പയുമെടുത്താണ് കട നടത്തുന്നത്. അതിനിടയിൽ ആളുകൾ ഇങ്ങനെ പ്രവർത്തിച്ചാൽ വലിയ നഷ്ടമുണ്ടാകും,” അദ്ദേഹം കൂട്ടിച്ചേർത്തു.


മോഷണത്തിനുള്ള ഈ വേറിട്ട ശിക്ഷാ രീതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഇനി മേലിൽ ഒരു സാധനം വഴിയിൽ കിടന്നു കിട്ടിയാൽ പോലും എടുക്കില്ലെന്ന തീരുമാനത്തിലാണ് കള്ളൻ എന്നാണ് റിപ്പോർട്ടുകൾ.




Feedback and suggestions