11, October, 2025
Updated on 11, October, 2025 14
![]() |
ഇസ്ലാമാബാദ്: പാക് പോലീസ് പരിശീലന കേന്ദ്രത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ ഏഴ് പോലീസുകാർ കൊല്ലപ്പെട്ടു. സംഭവത്തിൽ ആറ് തീവ്രവാദികളും കൊല്ലപ്പെട്ടതായാണ് വിവരം. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ പോലീസ് പരിശീലന കേന്ദ്രത്തിലാണ് സ്ഫോടനം നടന്നിരിക്കുന്നത്. ഇന്നലെ രാത്രി ആരംഭിച്ച ഏറ്റമുട്ടൽ മണിക്കൂറുകളോളം നീണ്ടുനിന്നു.
ദേര ഇസ്മായിൽ ഖാൻ ജില്ലയിലെ രട്ട കുലാച്ചി പോലീസ് പരിശീലന കേന്ദ്രത്തിലാണ് ഇന്നലെ രാത്രിയോടെ ആക്രമണം നടന്നത്. പരിശീലന കേന്ദ്രത്തിൻ്റെ പ്രധാന ഗേറ്റിലൂടെ സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് ഭീകരർ ഇടിച്ചുകയറ്റുകയായിരുന്നു. ഏറ്റമുട്ടലിൻ്റെ തുടക്കത്തിൽ തന്നെ മൂന്ന് ഭീകരരെ സായുധ സേന വധിച്ചിരുന്നു. പിന്നീട് മൂന്ന് ഭീകരരെ കൂടി വധിച്ചതായി പോലീസ് അറിയിക്കുകയായിരുന്നു.
ആക്രമണത്തിൽ 13 പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. എസ്‌എസ്‌ജി കമാൻഡോകൾ, അൽ-ബർഖ് ഫോഴ്‌സ്, എലൈറ്റ് ഫോഴ്‌സ്, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് ഭീകരരുമായി ഏറ്റുമുട്ടൽ നടത്തിയത്. ചാവേർ ആക്രമണം നടക്കുന്ന സമയത്ത് 200 ലേറെ പേർ പരിശീലന കേന്ദ്രത്തിൽ ഉണ്ടായിരുന്നതായാണ് വിവരം.
ഒരാഴ്ചയ്ക്കിടെ പാകിസ്ഥാനിൽ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. അഫ്ഗാൻ-പാകിസ്ഥാൻ അതിർത്തിയിലെ സംഘർഷത്തിനിടയിൽ വെള്ളിയാഴ്ച കാബൂളിൽ രണ്ട് ശക്തമായ സ്ഫോടനങ്ങളും വെടിവയ്പ്പും ഉണ്ടായതായി റിപ്പോർട്ടുണ്ട്. ഒക്ടോബർ 7 ന് ഒറാക്സായി ജില്ലയിലെ അഫ്ഗാൻ അതിർത്തിക്ക് സമീപം സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 30 തീവ്രവാദികളെയാണ് സുരക്ഷാ സേന വധിച്ചത്.