10, October, 2025
Updated on 10, October, 2025 18
![]() |
ടെൽഅവീവ്: ഗാസയിലെ വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭയും അംഗീകാരം നൽകി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ ഭാഗമായുള്ള വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടത്തിനാണ് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകിയത്. ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകിയതോടെ 24 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരും. ഇതിനു പിന്നാലെ ബന്ദി കൈമാറ്റവും നടക്കുമെന്നാണ് റിപ്പോർട്ട്.
ഇസ്രയേൽ മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി ട്രംപിൻറെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും മരുമകൻ ജാരെഡ് കുഷ്നറും ഇസ്രയേലിൽ എത്തിയിരുന്നു. മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി ഇരുവരും നെതന്യാഹുവിനൊപ്പം മാധ്യമങ്ങളെ കാണുകയും ചെയ്തു. സമാധാന കരാറിൻറെ ഭാഗമായി ഇസ്രയേൽ സൈന്യം ഗാസയുടെ ചിലഭാഗങ്ങളിൽ നിന്ന് പിന്മാറും. ഗാസയിലേക്ക് സഹായവുമായി എത്തുന്ന ട്രക്കുകൾക്കും പ്രവേശിക്കാൻ അനുമതി ലഭിക്കും.
ഇരുപക്ഷവും തമ്മിലുള്ള കരാർ ഒപ്പിടുന്നതിന് സാക്ഷിയാകാൻ ട്രംപും ഈജിപ്തിലേക്ക് എത്തിയേക്കും. ഹമാസിന്റെ പിടിയുള്ള ബന്ദികളെ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മോചിപ്പിക്കാനാകുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. അതേസമയം, ഗാസ സമാധാന കരാർ യാഥാർത്ഥ്യമാക്കാനായതോടെ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് ലോകനേതാക്കൾ രംഗത്തെത്തി. ഫോണിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും വിവിധ രാജ്യങ്ങളുടെ തലവന്മാർ ട്രംപിന് അഭിനന്ദനം അറിയിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ചാണ് ട്രംപിനെ അഭിനന്ദിച്ചത്. ഗാസ സമാധാന പദ്ധതി ചരിത്രപരം എന്നാണ് മോദി വിശേഷിപ്പിച്ചത്. ഇന്ത്യ – അമേരിക്ക വാണിജ്യ കരാറിനുള്ള സംഭാഷണത്തിൻറെ പുരോഗതിയും ചർച്ചയായെന്ന് മോദി എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ഗാസ സമാധാന കരാർ യാഥാർത്ഥ്യമായതിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും അഭിനന്ദിച്ചതായി മോദി അറിയിച്ചു. സുരക്ഷ കാബിനറ്റ് യോഗം നിർത്തി വച്ച് നെതന്യാഹു മോദിയുടെ ഫോണെടുത്തെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം, ഗാസ സമാധാന കരാറിൻറെ പേരിൽ ട്രംപിന് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകണമെന്ന ആവശ്യവുമായി നെതന്യാഹു രംഗത്തെത്തിയത് ശ്രദ്ധേയമായി. ട്രംപിൻറെ ചിത്രമടക്കം പങ്കുവെച്ചുകൊണ്ടാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യം മുന്നോട്ട് വെച്ചത്. സമാധാന നൊബേലിന് ട്രംപ് തികച്ചും അർഹനാണെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചത്.