Pinarayi the legend documentary released by kamal haasan
29, May, 2025
Updated on 30, May, 2025 21
![]() |
സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സർക്കാരിൻറെ നാലാം വാർഷികാഘോഷത്തിൽ മുഖ്യമന്ത്രിയെക്കുറിച്ചുള്ള ഡോക്യുമെൻററി പ്രകാശനം ചെയ്‌തു. കമൽ ഹാസൻ ഡോക്യുമെന്ററി പ്രകാശനം ചെയ്‌തു. ‘പിണറായി ദ ലെജൻഡ്’ എന്ന് പേര് നൽകിയിരിക്കുന്ന ഡോക്യൂമെന്ററി പിണറായി സർക്കാരിന്റെ ഒമ്പതാം വാർഷികത്തോട് അനുബന്ധിച്ചാണ് ഒരുക്കിയിരിക്കുന്നത്.
അനീതിക്കെതിരായുള്ള പോരാട്ടം തൊഴിലായി മാറരുത്,അത് കടമയാണെന്നും കമൽ ഹാസൻ പറഞ്ഞു. ജനങ്ങളെ സേവിക്കുന്നതിൽ ഞാനും പിണറായിയും സഖാക്കൾ ആണ്. പിണറായിയെ പോലുള്ള മഹാനായ നേതാവിന്റെ പിൻഗാമി ആകാൻ കഴിഞ്ഞതിൽ അഭിമാനം. അദേഹം ആഗ്രഹിക്കും പോലെ കേരളം വളരണമെന്നും കമൽ ഹാസൻ പറഞ്ഞു.
കേരളീയരുടെ മനസ്സിൽ എന്നെ സ്ഥിരതാമാസമാക്കിയ ചലച്ചിത്രകാരനാണ് കമൽ ഹാസനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷ മനസ്സിൻറെ ഉടമയാണ്. ജനങ്ങളെ കുറിച്ച് കരുതലുള്ള ഇടതുപക്ഷ മനസുള്ള ആളാണ് അദ്ദേഹം. കേരളം കമൽഹാസന് സ്വന്തം വീട് തന്നെയാണ്. സ്വന്തം വീട്ടിലേക്ക് ആരെയും സ്വാഗതം ചെയ്യേണ്ട. താൻ സ്വന്തം കഴിവിൽ നാട്ടിൽ പ്രവർത്തിച്ചു വളർന്നു വന്ന ആളല്ല. എന്റെ പാർട്ടിയുടെ ഉൽപ്പന്നം ആണ് ഞാൻ. പാർട്ടി എന്താണോ ആഗ്രഹിക്കുന്നത് അതിനൊപ്പം നിന്ന് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഡോക്യുമെന്ററിയിൽ അമ്മയുടെ പേര് തെറ്റായിട്ടാണ് കാണിച്ചത്.
അമ്മയുടെ പേര് ആലക്കാട്ട് കല്യാണി എന്നാണ്. തെറ്റായി കൊടുക്കുന്നത് അമ്മയോടുള്ള നീതികേടാണ്. പാർട്ടിയുടെ പ്രതീകമായി നിൽക്കുന്ന ആളാണ് താൻ. അതുകൊണ്ട് തനിക്കെതിരെ വരുന്ന വിമർശനങ്ങൾ വ്യക്തിപരമല്ലാ. അത് പാർട്ടിക്കെതിരെ ഉണ്ടാകുന്നതാണ്. നവകേരളം ഏതെങ്കിലും ഒരു കാലത്ത് നടക്കേണ്ടതല്ല. യാഥാർത്ഥ്യമാക്കാനുള്ള ഓരോ നടപടിയും സ്വീകരിച്ചു വരുന്നു.
9 വർഷക്കാലം അഭിമാനകരമായ പുരോഗതി കേരളം കൈവരിച്ചു. അത് നമുക്കിനിയും മുന്നോട്ടുകൊണ്ടുപോകാൻ ആകണം. ജനങ്ങൾ ഭരണത്തിന്റെ സ്വാദ് ശരിയായ രീതിയിൽ അറിയുന്നു. സെക്രട്ടറിയേറ്റ് ജീവനക്കാർ അഴിമതി രഹിതരാണെന്ന സൽപ്പേര് ഉണ്ട്. ഫയലുകൾ കൂടി തീർപ്പാക്കി നിങ്ങൾ അത് ഉറപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ ഡോക്യുമെന്‍ററിയുടെ ടീസർ പുറത്തിറങ്ങിയിരുന്നു. ഒരു ഗാനമുൾപ്പെടെ 30മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി മുഖ്യമന്ത്രിയുടെ ജീവിതവും ചരിത്രവും ഇഴചേർത്താണ് ഒരുക്കിയിരിക്കുന്നത്. ആദ്യമായാണ് ഒരു സര്‍വ്വീസ് സംഘടന പിണറായിയെ കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കുന്നത്. ഇതേ സംഘടന തയ്യാറാക്കിയ വാഴ്ത്ത് പാട്ട് നേരത്തെ വിവാദമായിരുന്നു.