9, October, 2025
Updated on 9, October, 2025 26
![]() |
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ നിയമസഭാംഗങ്ങള്‍ക്ക് മാതൃകയാണ് കെ.സി.ജോസഫെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണി. സൗമ്യനും സംസ്‌കാര സമ്പന്നനുമായ കെ.സി.ജോസഫിന്റെ വാക്കുകള്‍ ഒരിക്കലും അതിരുകടക്കാറില്ല. മലയോര കര്‍ഷകരുടെയും മലയോര നിവാസികളുടെയും വിമോചകനാണ് കെ.സി.ജോസഫ്. മലയോര വികസനത്തിനുവേണ്ടി ഏറ്റവും കൂടുതല്‍ ശ്രമിച്ച നേതാവും കൂടിയാണ് അദ്ദേഹം. സ്ഥാനമാനങ്ങളൊന്നും ഇല്ലെങ്കിലും ഇന്നും കെ.സി.ജോസഫ് കര്‍മ്മനിരതനായി പൊതുരംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍മന്ത്രിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ കെ.സി.ജോസഫിന്റെ നിയമസഭാ പ്രസംഗങ്ങള്‍ അടങ്ങുന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ദിരാഭവനില്‍ എ.കെ.ആന്റണി നിര്‍വഹിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി പുസ്തകം ഏറ്റുവാങ്ങി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. എം.എം.ഹസന്‍, ബി.എസ്.ബാലചന്ദ്രന്‍, രമേശ് ചെന്നിത്തല, വി.എം.സുധീരന്‍, ദീപാ ദാസ് മുന്‍ഷി, ബെന്നി ബഹനാന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.ബാബു, എന്‍.ശക്തന്‍, എ.പി.അനില്‍കുമാര്‍, പി.സി.വിഷ്ണുനാഥ്, മോന്‍സ് ജോസഫ്, സജീവ് ജോസഫ്, ചാണ്ടി ഉമ്മന്‍, ഉമാ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.