കേരളത്തിന്റെ സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു; വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര അനുമതി

Central approval for Wayanad tunnel
29, May, 2025
Updated on 30, May, 2025 21

Central approval for Wayanad tunnel

വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര അനുമതി. വിജ്ഞാപനം ഉടനുണ്ടാകും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ സമിതിയാണ് കോഴിക്കോട്-വയനാട് നിര്‍ദിഷ്ട നാലുവരി തുരങ്കപാതയ്ക്ക് അനുമതി നല്‍കിയത്. മെയ് 15, 15 തിയതികളില്‍ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിലാണ് ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാത വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് നടപ്പിലാക്കാനുള്ള ശിപാര്‍ശ നല്‍കിയത്.

പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്ദ സമിതി മാര്‍ച്ചില്‍ പദ്ധതിക്ക് അനുമതി നല്‍കിയിരുന്നു. ഈ നിര്‍ദേശങ്ങള്‍ അന്തിമമായി അംഗീകരിക്കേണ്ട സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തല്‍ അതോറിറ്റി അംഗങ്ങളുടെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെയാണ് കേന്ദ്ര വിദഗ്ദ സമിതിയുടെ പരിഗണനയ്ക്ക് വിട്ടത്. 60 ഉപാദികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ സമിതി അന്തിമ പാരിസ്ഥിതികാനുമതി നല്‍കിയിട്ടുള്ളത്. ഇതോടെ കരാര്‍ ഒപ്പിട്ട തുരങ്കപാതയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകും.

60 ഉപാദികള്‍ ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നല്‍കിയിട്ടുണ്ട്. തുരങ്കപാതയുടെ നിര്‍മാണത്തിന്റെ ഖനന സമയത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള സ്‌ഫോടനത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാന്‍ സിഎസ്‌ഐആര്‍, സിഎംഎഫ്ആര്‍ എന്നിവ നല്‍കിയിട്ടുള്ള മുഴുവന്‍ നിര്‍ദേശങ്ങളും പാലിക്കാന്‍ പദ്ധതി നിര്‍വാഹകര്‍ ശ്രദ്ധിക്കണം, വൈബ്രേഷന്‍, പ്രളയം, ഭൂമിശാസ്ത്രപരമായ പഠനങ്ങള്‍ എന്നിവയിലുള്ള നിര്‍ദേശങ്ങളും പാലിക്കണം. ഇവയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ആറു മാസത്തില്‍ ഒരിക്കല്‍ പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറണം. നാല് ഗ്രൗണ്ട് വൈബ്രേഷന്‍ മോണിറ്ററിങ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കാനും നിര്‍ദേശമുണ്ട്. നിര്‍മാണജോലിക്കിടെ മണ്ണിടിച്ചിലോ വെള്ളപ്പൊക്കമോ മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിനായുള്ള സംവിധാനങ്ങളും ഒരുക്കണം എന്നുള്ളതും നിര്‍ദേശങ്ങളില്‍ ചിലതാണ്.

ഇതിന് പുറമെ, ജൈവവൈവിധ്യ സമ്പന്നമായ പശ്ചിമമഘട്ട മലനിരകളിലൂടെ കടന്നു പോകുന്ന പാതയിലെ ബാണാസുര ചിലപ്പന്‍ അടക്കമുള്ള പക്ഷികളുടെയും വന്യമൃഗങ്ങളുടെയും സംരക്ഷണത്തിനാവശ്യമായ നടപടികള്‍ വേണം. അപ്പന്‍കാപ്പ് ആന ഇടനാഴിയുടെ സംരക്ഷണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്ഥിരമായ നിരീക്ഷണം വേണം. ഇതിനായി കളക്ടര്‍ ശുപാര്‍ശ ചെയ്യുന്ന നാലുപേര്‍ അടങ്ങുന്ന വിദഗ്ദസമിതി രൂപീകരിക്കണം. ഇരുവഴിഞ്ഞി പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയില്‍ നിര്‍മ്മാണം നടത്തുക, തുരങ്കത്തിലെ വായുവിന്റെ ഗുണനിലവാരം തുടര്‍ച്ചയായി നിരീക്ഷിക്കാനുള്ള സംവിധാനം ഒരുക്കണം എന്നും നിബന്ധനകളില്‍ ഉള്‍പ്പെടുന്നു.






Feedback and suggestions