Global Ayyappa Sangam to be held today amid endless controversy and criticism
20, September, 2025
Updated on 20, September, 2025 45
![]() |
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷവും ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള വിവിധ ഹൈന്ദവ സംഘടനകളും കടുത്ത എതിർപ്പുയർത്തുന്നതിനിടെ പമ്പാതീരത്ത് ശനിയാഴ്ച ആഗോള അയ്യപ്പ സംഗമം നടക്കും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ ദേവസ്വം മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനാകും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
മൂന്ന് പ്രധാന കേന്ദ്രങ്ങളിൽ പരിസ്ഥിതി സൗഹൃദ ജർമൻ ഹാങ്ങർ പന്തലൊരുക്കിയാണ് സമ്മേളനം. പമ്പാ മണപ്പുറത്തെ 43,000 ചതുരശ്രയടിയുള്ള പ്രധാന വേദിയിലാണ് ഉദ്ഘാടന, സമാപന സമ്മേളനങ്ങൾ. വിവിധ രാജ്യങ്ങളിൽ നിന്നുൾപ്പെടെ 3,000 പ്രതിനിധികൾക്ക് ഇവിടെയാണ് ഇരിപ്പിടം. പമ്പയുടെ പവിത്രത കാത്തുസൂക്ഷിച്ച് പൂർണമായും ഹരിത ചട്ടം പാലിച്ചാണ് പന്തൽ നിർമിച്ചത്. സംഗമത്തിന് ശേഷം പന്തൽ പൂർണമായും അഴിച്ചുമാറ്റും. സംഗമത്തിൽ മൂന്ന് സമാന്തര സെഷനുകളും നടക്കും. ഓരോ സെഷനും ശബരിമലയുടെ വികസനത്തിലെ പ്രധാന വിഷയങ്ങളെ കേന്ദ്രീകരിച്ചാകും. ആദ്യ സെഷൻ ശബരിമല മാസ്റ്റർപ്ലാനിനെക്കുറിച്ചാണ്. ആധുനിക സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് ക്ഷേത്രത്തിൻ്റെ പാരമ്പര്യം നിലനിർത്തുന്ന സുസ്ഥിരമായ കാഴ്ചപ്പാട് രൂപപ്പെടുത്തുകയാണ് ലക്ഷ്യം.
രണ്ടാമത്തെ സെഷൻ ‘ആത്മീയ ടൂറിസം സർക്യൂട്ടുകൾ’ എന്ന വിഷയത്തെക്കുറിച്ചാണ്. കേരളത്തിലെ മറ്റ് സാംസ്‌കാരിക, ആത്മീയ കേന്ദ്രങ്ങളുമായി ശബരിമലയെ എങ്ങനെ ബന്ധിപ്പിക്കാം എന്ന് ഇതിൽ ചർച്ച ചെയ്യും.
മൂന്നാമത്തെ സെഷൻ ‘ശബരിമലയിലെ തിരക്ക് നിയന്ത്രണവും സജ്ജീകരണങ്ങളും’ എന്ന വിഷയമാണ്.
രാവിലെ ആറിന് പ്രതിനിധികളുടെ രജിസ്‌ട്രേഷൻ ആരംഭിക്കും. രാവിലെ ഒമ്പത് മുതൽ 11 വരെ ഉദ്ഘാടന സമ്മേളനം. തുടർന്ന് സമാന്തര സെഷനുകൾ. ഉച്ചഭക്ഷണത്തിനുശേഷം ഗായകൻ വിജയ് യേശുദാസ് നയിക്കുന്ന സംഗീത പരിപാടി. വൈകീട്ട് 3.20ന് ചർച്ചകളുടെ സമാഹരണം. തുടർന്ന് സമാപന സമ്മേളനം. പ്രതിനിധികൾക്ക് ശബരിമല ദർശനത്തിനും അവസരമുണ്ട്.
ആഗോള അയ്യപ്പ സംഗമത്തിൻ്റെ ഭാഗമായി മൂന്ന് വേദികളിലായി നടക്കുന്ന ചർച്ചയിൽ വിഷയങ്ങൾ അവതരിപ്പിക്കുക 10 അംഗ സംഘം. പ്രധാന വേദിയായ തത്ത്വമസിയിൽ നടക്കുന്ന ശബരിമല മാസ്റ്റർ പ്ലാൻ ചർച്ചയിൽ തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിലെ പ്രഫ. ബെജെൻ എസ്. കോത്താരി, മുൻ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാർ, ഡോ. പ്രിയാഞ്ജലി പ്രഭാകരൻ(ശബരിമല മാസ്റ്റർ പ്ലാൻ ഉന്നതാധികാര സമിതി) എന്നിവരാണ് പാനലിസ്റ്റുകൾ. ആത്മീയ ടൂറിസം സർക്യൂട്ട് സെഷന് പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായർ, കേരള ടൂറിസം സെക്രട്ടറി കെ. ബിജു, കേരള ട്രാവൽമാർട്ട് സ്ഥാപകൻ എസ്. സ്വാമിനാഥൻ, സോമതീരം ആയുർവേദ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബേബി മാത്യു എന്നിവരാണ് പാനലിസ്റ്റുകൾ.
മൂന്നാമത്തെ വേദിയായ ശബരിയിൽ ആൾക്കൂട്ട നിയന്ത്രണവും തയാറെടുപ്പുകളും എന്ന വിഷയത്തിൽ സെഷൻ നടക്കും. മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസ്, എ.ഡി.ജി.പി. എസ്. ശ്രീജിത്ത്, ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ എന്നിവരാണ് പാനലിസ്റ്റുകൾ.
അതേസമയം, അയ്യപ്പ സംഗമത്തിനു പിന്നിൽ സർക്കാരിന് രാഷ്ട്രീയ ലക്ഷ്യമാണെന്ന വിമർശനമാണ് പ്രതിപക്ഷവും ബി.ജെ.പി.യും ഉയർത്തുന്നത്. ശ്രീകോവിലിലെ സ്വർണപ്പാളിയുടെ അറ്റകുറ്റപ്പണിയെച്ചൊല്ലിയുള്ള വിവാദങ്ങൾ ഉയർത്തിയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സർക്കാരിനെതിരേ ആഞ്ഞടിച്ചത്. സ്വർണപ്പാളിയിലെ നാലു കിലോ കൊള്ളയടിച്ചതിൻ്റെ പാപം മറയ്ക്കാനാണോ അയ്യപ്പ സംഗമം എന്ന് സതീശൻ ചോദിച്ചു. ശബരിമല വികസന പദ്ധതി ഹൈക്കോടതി അംഗീകരിച്ചിരിക്കെ ഏഴു കോടി ധൂർത്തടിച്ച് ഇത്തരമൊരു പരിപാടി നടത്തേണ്ട കാര്യമെന്തെന്ന് ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരൻ പ്രതികരിച്ചു.
ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്‌നാട് സർക്കാർ പ്രതിനിധികൾ മാത്രമാണ് പങ്കെടുക്കുന്നത്. മറ്റ് സംസ്ഥാന മന്ത്രിമാരൊന്നും എത്തില്ല. കർണാടക, ഡൽഹി, തെലങ്കാന, ആന്ധ്ര സർക്കാരുകളെയാണ് ദേവസ്വം ബോർഡ് പ്രധാനമായും ക്ഷണിച്ചത്. എന്നാൽ, ഇവരൊന്നും ക്ഷണം സ്വീകരിച്ചില്ല.
ശബരിമലയുടെ വികസനം ലക്ഷ്യമിട്ടെന്ന് അവകാശപ്പെട്ട് ദേവസ്വംബോർഡ് സംഘടിപ്പിക്കുന്ന സംഗമത്തിലാണ്, ഭക്തർ ഏറെയെത്തുന്ന മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രതിനിധികളില്ലാത്തത്. സർക്കാർ പ്രതിനിധികൾ എത്തില്ലെങ്കിലും ഇവിടെനിന്നെല്ലാം ഭക്തരുണ്ടാകുമെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് പറഞ്ഞു. ബോർഡിന് രാഷ്ട്രീയമില്ല. വികസനം മാത്രം ലക്ഷ്യമിട്ടാണ് സംഗമം. അതിനാലാണ് രാഷ്ട്രീയം പരിഗണിക്കാതെ എല്ലാവരെയും ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മറ്റ് സംസ്ഥാന പ്രതിനിധികൾ എത്താത്തതിന് പിന്നിൽ രാഷ്ട്രീയ ചരടുവലികൾ നടന്നതായും ബോർഡ് സംശയിക്കുന്നുണ്ട്.