കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണം: അന്വേഷണത്തിന് പ്രത്യേക സംഘം; ഉടൻ അറസ്റ്റുണ്ടായേക്കുമെന്ന് സൂചന

Cyber ​​attack against K.J. Shine: Special team to investigate; Arrest likely soon
20, September, 2025
Updated on 20, September, 2025 31

നേർകാഴ്ച അമേരിക്ക - കേരള പീഡിയ ന്യൂസ്

കൊച്ചി: സി.പി.എം വനിതാ നേതാവ് കെ.ജെ. ഷൈനിനെതിരായ അപകീർത്തികരമായ പ്രചാരണക്കേസിൽ പ്രതികളായ കെ.എം. ഷാജഹാൻ ഉൾപ്പെടെയുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യാൻ നീക്കം. ഷൈനിന്റെ പരാതി അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി. കൊച്ചി സിറ്റിയിലെയും എറണാകുളം റൂറലിലെയും പതിന്നാലോളം പോലീസ് ഉദ്യോഗസ്ഥർ അടങ്ങിയതാണ് അന്വേഷണസംഘം. കൊച്ചി സിറ്റി സൈബർ ഡോമിലെ പോലീസുകാരും സംഘത്തിലുണ്ട്. മുനമ്പം ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലാകും അന്വേഷണസംഘം പ്രവർത്തിക്കുക.

പറവൂരിലെ പ്രാദേശിക കോൺഗ്രസ് നേതാവും കെ.എം. ഷാജഹാനുമാണ് കേസിലെ പ്രതികൾ. പോലീസ് ഷൈനിന്റെ മൊഴി രേഖപ്പെടുത്തി. കൂടുതൽ പേർ പ്രതികളാകാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.

കഴിഞ്ഞ രണ്ട് ദിവസമായി വിഷയവുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആരാണ് ഈ പോസ്റ്റുകൾ പ്രചരിപ്പിച്ചത് എന്നതടക്കമുള്ള വിവരങ്ങൾ കണ്ടെത്തേണ്ടതുണ്ട്.

പറവൂരിലെ വീട്ടിലെത്തിയാണ് സൈബർ പോലീസ് ഷൈനിന്റെ മൊഴി രേഖപ്പെടുത്തിയത്. സൈബർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് തന്നെയാണെന്ന് കെ.ജെ. ഷൈനിന്റെ ഭർത്താവ് ഡൈനസ് തോമസ് പറഞ്ഞു. പോലീസ് സംഘം ഷൈനിന്റെ മൊഴി വിശദമായി രേഖപ്പെടുത്തുകയാണ്. കൂടുതൽ വകുപ്പുകൾ ചേർത്തേക്കുമെന്നും വിവരമുണ്ട്.

സൈബർ ആക്രമണത്തെക്കുറിച്ച് കെ.ജെ. ഷൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ പോലീസ് മൊഴിയെടുത്തത്. ഒരു മണിക്കൂറിലേറെ സമയമെടുത്താണ് മൊഴി രേഖപ്പെടുത്തിയത്. ആരൊക്കെയാണ് സമൂഹമാധ്യമങ്ങൾ വഴി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതെന്ന് ഷൈൻ പോലീസിനോട് വെളിപ്പെടുത്തി. വനിതാ പോലീസിന്റെ സാന്നിധ്യത്തിലാണ് മൊഴിയെടുപ്പ് നടന്നത്. സാമൂഹിക മാധ്യമങ്ങളിലെ അപകീർത്തിപരമായ പോസ്റ്റുകളുടെ ലിങ്കുകൾ ഉൾപ്പെടെയുള്ള തെളിവുകളാണ് ഷൈൻ സൈബർ പോലീസിന് കൈമാറിയത്.

‘നാട്ടിൽ എല്ലാവരും സൗഹാർദപരമായാണ് പെരുമാറിയിരുന്നത്. ഇപ്പോൾ വ്യത്യസ്തമായി ഇങ്ങനെയൊരു ആക്രമണം നടക്കുന്നു. ഒരു സ്ത്രീ എന്ന നിലയിൽ ഒട്ടും അംഗീകരിക്കാൻ സാധിക്കാത്ത സൈബർ ആക്രമണമാണിത്. വളരെ മ്ലേച്ഛമായ പോസ്റ്റുകളാണ് വന്നത്. രാഷ്ട്രീയപരവും ആശയപരവുമായ വിയോജിപ്പുകൾ ഉണ്ടാകാം. എന്നാൽ, ഇത് വ്യക്തിപരമായുള്ള അധിക്ഷേപമാണ്. കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം ഒരു എം.എൽ.എയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ്. സാധാരണക്കാരായ ആളുകളെ സംബന്ധിച്ചിടത്തോളം കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള പ്രശ്‌നങ്ങളാണത്. അതിൽ നിന്ന് ശ്രദ്ധ തിരിക്കാമെന്ന ഉദ്ദേശ്യമാണോ ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു’, കെ.ജെ. ഷൈനിന്റെ ഭർത്താവ് ഡൈനസ് തോമസ് പറഞ്ഞു.

സി.കെ. ഗോപാലകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് ആദ്യം പോസ്റ്റ് വന്നത്. കോൺഗ്രസ് മണ്ഡലം സെക്രട്ടറിയാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. കോൺഗ്രസ് സൈബർ വിങ്ങിന്റെ ചുമതലക്കാരനാണ് അദ്ദേഹം. നാട്ടിൽ കോൺഗ്രസുമായി ബന്ധമുള്ള വ്യക്തികളാണ് ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പങ്കുവെച്ചിരിക്കുന്നത്. ജിന്റോ ജോൺ, ബി.ആർ.എം. ഷെഫീർ ഉൾപ്പെടെ പാർട്ടിയുടെ ഉന്നതരായ നേതാക്കന്മാർ പോലും പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് ഷെയർ ചെയ്ത ഭൂരിഭാഗം ആളുകളും കോൺഗ്രസിന്റെ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരാണ്, ഡൈനസ് കൂട്ടിച്ചേർത്തു.

സാമൂഹിക മാധ്യമങ്ങളിലൂടെ തേജോവധം ചെയ്യുന്നതിനെതിരെ സി.പി.എം. നേതാവ് കെ.ജെ. ഷൈൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലടക്കം തന്നെ മനഃപൂർവം അപമാനിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നതായി അവർ മുഖ്യമന്ത്രി, ഡി.ജി.പി., വനിതാ കമ്മിഷൻ എന്നിവർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ തെളിവുകളും കൈമാറിയിരുന്നു.




Feedback and suggestions