വാഹനങ്ങൾക്ക് അമിത വേഗത; അപകടം കൂടി; പറഞ്ഞു മടുത്തു; അവസാനം നാട്ടുകാരുടെ മുന്നറിയിപ്പ് : ‘നല്ല നാടൻ തല്ല് ഉറപ്പ്’

Vehicles speeding; more accidents; tired of saying; finally locals warning
18, September, 2025
Updated on 18, September, 2025 72


കൊച്ചി: റോഡ് നന്നായപ്പോൾ അപകടം കൂടി. കാരണം തിരിച്ചറിഞ്ഞ പാറപ്പുറത്തെ നാട്ടുകാർ പ്രതിരോധവുമായി രംഗത്തിറങ്ങി. ‘അമിതവേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ തല്ല് ഉറപ്പ്, ഒരു ദയയും ഉണ്ടാകില്ല’ നാട്ടുകാർ ബോർഡ് സ്ഥാപിച്ചു. എറണാകുളം ജില്ലയിലെ ആലുവ ദേശംവല്ലം കടവ് റോഡിലാണ് യാത്രക്കാർക്കായി മുന്നറിയിപ്പ് ബോർഡുള്ളത്.

ഇന്നലെയും അപകടം.. ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിച്ച വട്ടേരി സേവ്യറിനെ (59) ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതോടെയാണ് നാട്ടുകാരുടെ രോഷം അണപൊട്ടിയത്. ഏറെ നാളായി തകർന്നുകിടന്ന 14.1 കിലോമീറ്റർ റോഡ് നാട്ടുകാരുടെ നിരന്തര മുറവിളിക്കൊടുവിൽ 17.5 കോടി രൂപ ചെലവിലാണ് ബി.എം.ബി.സി നിലവാരത്തിൽ പുതുക്കിപ്പണിതത്.
റോഡ് നന്നായപ്പോൾ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ കുതിച്ചു പായുന്നു. അമിതവേഗത നിയന്ത്രിക്കാൻ മുന്നറിയിപ്പ് ബോർഡുകളും സാദ്ധ്യമായ മുൻകരുതലുകളും സ്വീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് അഭ്യർത്ഥിച്ചിരുന്നു. അതുകൊണ്ടും ഫലമില്ലാതായപ്പോഴാണ് നാട്ടുകാർ ബോർഡ് വച്ചത്.
‘ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണ്’ എന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരം നേരത്തതന്നെ റോഡരികിൽ ബോർഡ് വച്ചിരുന്നു. അതുൾക്കൊള്ളാനും പലരും തയ്യാറായിരുന്നില്ല.

അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നത് നാട്ടുകാരുടെ ബാദ്ധ്യതയായി. അഞ്ചു കിലോമീറ്റർ ചുറ്റളവിൽ ആംബുലൻസ് ഇല്ല. ഈ പ്രശ്‌നം പരിഹാരിക്കാൻ എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവാക്കൾ 9 ലക്ഷം രൂപ സമാഹരിച്ച് ആംബുലൻസും വാങ്ങി. കഴിഞ്ഞ തിരുവോണ നാളിലായിരുന്നു കന്നിയോട്ടം. തിങ്കളാഴ്ചയും ലോറി കാറിലിടിച്ച് അപകടമുണ്ടായി. അതിലുണ്ടായിരുന്നവർ ഭാഗ്യത്താനാണ് രക്ഷനേടിയത്.




Feedback and suggestions