ചൈന ഒരു നിശ്ശബ്ദ വിപ്ലവത്തിന് ; മികച്ച പ്രതിഭകളെ ചൈനയിലേക്ക് ആകർഷിക്കാൻ കെ-വിസ

China is undergoing a quiet revolution; K-visa to attract top talent to China
12, September, 2025
Updated on 12, September, 2025 102

China is undergoing a quiet revolution; K-visa to attract top talent to China

ബീജിംഗ്: മികച്ച പ്രൊഫഷണലുകളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി പുതിയ കെ-വിസ (K-Visa) സംവിധാനം അവതരിപ്പിക്കാനൊരുങ്ങി ചൈന. ട്രംപ് ഭരണകൂടം അമേരിക്കയിൽ കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കിയപ്പോൾ, ലോകത്തിലെ മികച്ച പ്രതിഭകൾക്കായി തങ്ങളുടെ വാതിലുകൾ തുറന്നിടുകയാണ് ചൈന. പരമ്പരാഗതമായി കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കാത്ത രാജ്യമാണ് ചൈന. ഈ സാഹചര്യത്തിലാണ് പുതിയ നയംമാറ്റം ശ്രദ്ധേയമാകുന്നത്.

ഒക്ടോബറിൽ ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിങ്, ഗണിതം (STEM) എന്നീ മേഖലകളിലെ വിദഗ്ധരെ ആകർഷിക്കാൻ ഒരു പുതിയ വിസ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ചൈന. കെ-വിസ എന്നറിയപ്പെടുന്ന ഇതിന് ചൈനയുടെ സ്റ്റേറ്റ് കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ട്.

ചൈനയിൽ നിലവിൽ ഒരു ഡസനോളം വ്യത്യസ്ത തരം വിസകളുണ്ട്. ജോലിക്ക് വേണ്ടിയുള്ള Z വിസ, പഠനത്തിനായുള്ള X വിസ, ബിസിനസ്സിനായുള്ള M വിസ, ടൂറിസത്തിനായുള്ള L വിസ, ഉയർന്ന തലത്തിലുള്ള പ്രതിഭകൾക്കായുള്ള R വിസ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

വിദേശ രാജ്യങ്ങളിൽ നിന്നുള്ള ‘യുവ ശാസ്ത്രസാങ്കേതിക പ്രതിഭകൾക്ക്’ ഒക്ടോബർ ഒന്ന് മുതൽ കെ-വിസയ്ക്ക് അപേക്ഷിക്കാമെന്ന് ബീജിംഗ് അറിയിച്ചു. അന്നേ ദിവസം പ്രാബല്യത്തിൽ വരുന്ന പുതുക്കിയ വിദേശ പ്രവേശന നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ ഒപ്പുവെച്ചു.

കെ-വിസയ്ക്ക് അംഗീകാരം ലഭിക്കുന്നവർക്ക്, എത്ര തവണ ചൈനയിൽ പ്രവേശിക്കാനും പുറത്തുപോകാനും കഴിയുമെന്നതിലും, താമസത്തിന്റെ കാലാവധി, വിസയുടെ സാധുത കാലയളവ് എന്നിവയിലും ഇളവുകൾ ലഭിക്കും. കെ-വിസയിൽ ചൈനയിൽ വരുന്നവർക്ക് STEM മേഖലകളുമായി ബന്ധപ്പെട്ട സംരംഭകത്വ, ബിസിനസ് പ്രവർത്തനങ്ങളിലും ഏർപ്പെടാം. ഈ വിസയ്ക്ക് അപേക്ഷിക്കുന്നതിന് ഒരു ചൈനീസ് തൊഴിലുടമയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ക്ഷണം ആവശ്യമില്ല.

“ടാലന്റഡ് യംഗ് സയന്റിസ്റ്റ് പ്രോഗ്രാമിന്” 45 വയസ്സും, “ഔട്ട്‌സ്റ്റാൻഡിംഗ് യംഗ് സയന്റിസ്റ്റ്‌സ് (ഓവർസീസ്) ഫണ്ട് പ്രോജക്ടിന്” 40 വയസ്സുമാണ് ഉയർന്ന പ്രായപരിധിയെന്ന് രാജ്യത്തെ ഔദ്യോഗിക വാർത്താ മാധ്യമം വ്യക്തമാക്കി. കെ-വിസയ്ക്കായി എങ്ങനെ അപേക്ഷിക്കണം എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചൈനീസ് എംബസി വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.

പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുമുള്ള മികച്ച പ്രതിഭകളെയാണ് ചൈന ലക്ഷ്യമിടുന്നത്. “ചൈനയുടെ വികസനത്തിന് ലോകമെമ്പാടുമുള്ള പ്രതിഭകളുടെ പങ്കാളിത്തം ആവശ്യമാണ്, ചൈനയുടെ വികസനം അവർക്ക് അവസരങ്ങളും നൽകുന്നു,” കെ-വിസയുമായി ബന്ധപ്പെട്ട് ചൈനീസ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.




Feedback and suggestions