Anakkampoyil -Kalladi – Meppadi tunnel road works are to be inaugurated by Chief Minister today
31, August, 2025
Updated on 31, August, 2025 32
![]() |
ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മാണ പ്രവൃത്തിയ്ക്ക് ഇന്ന് (ഓഗസ്റ്റ് 31) ഔദ്യോഗികമായി തുടക്കം കുറിക്കും. വയനാട് ജില്ലയില്‍ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയില്‍ 3.15 കിലോമീറ്ററും നീളം വരുന്ന (ആകെ 8.735 കിലോമീറ്റര്‍) കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായ തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31 ന് വൈകീട്ട് നാല് മണിക്ക് കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയില്‍ സെന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും
മറിപ്പുഴ (കോഴിക്കോട്) മുതല്‍ മീനാക്ഷി പാലം (വയനാട്, കള്ളാടി) വരെ അപ്രോച്ച് റോഡ് ഉള്‍പ്പെടെ 8.735 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കപാതയുടെ 8.11 കിലോമീറ്റര്‍ ദൂരം ഇരട്ട തുരങ്കങ്ങളാണ്. പദ്ധതിയില്‍ ഇരുവഴിഞ്ഞി പുഴക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും മറ്റ് മൂന്ന് ചെറുപാലങ്ങളും ഉള്‍പ്പെടും. ആറ് വളവുകളുള്ള റൂട്ടില്‍ ഓരോ 300 മീറ്ററിലും ഇരട്ട തുരങ്കങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയും (ക്രോസ്സ് പാസ്സേജ്) ഉണ്ടാവും. പദ്ധതിയുടെ ആകെ ചെലവ് 2134.50 കോടി രൂപയാണ്
പദ്ധതിക്കായി 33 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 5771 മീറ്റര്‍ വനമേഖലയിലൂടെയും 2964 മീറ്റര്‍ സ്വകാര്യ ഭൂമിയിലൂടെയുമാണ് തുരങ്കപാത കടന്നു പോകുന്നത്. സ്വകാര്യ ഭൂമിയില്‍ വയനാട് ജില്ലയില്‍ 8.0525 ഹെക്ടര്‍ ഭൂമിയും കോഴിക്കോട് ജില്ലയില്‍ 8.1225 ഹെക്ടര്‍ ഭൂമിയും ഏറ്റെടുത്തു കൈമാറി.വയനാട്ടില്‍ മേപ്പാടി-കള്ളാടി-ചൂരല്‍മല റോഡ് (സംസ്ഥാന പാത-59), കോഴിക്കോട്ട് ആനക്കാംപൊയില്‍-മുത്തപ്പന്‍പുഴ-മറിപ്പുഴ റോഡ് എന്നീ രണ്ട് റോഡുകള്‍ തുരങ്ക പാതയുമായി ബന്ധിപ്പിക്കും. കള്ളാടിയില്‍, മീനാക്ഷി പാലത്ത് സമുദ്ര നിരപ്പില്‍ നിന്ന് 851 മീറ്റര്‍ ഉയരത്തിലാണ് വയനാട്ടിലെ പ്രവേശന കവാടം വരിക.
തുരങ്കപാതയുടെ നിര്‍മാണം ആദ്യം തുടങ്ങുക വയനാട് ഭാഗത്താണെന്ന് പദ്ധതി യുടെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി) ആയ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡ് പറഞ്ഞു. കള്ളാടി, മീനാക്ഷി പാലത്തിന് സമീപം രണ്ടാഴ്ച്ചയായി നിലം നിരപ്പാക്കുന്ന പ്രവൃത്തി നടക്കുകയാണ്. തുടര്‍ന്ന് ജിയോ ടെക്‌നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തികള്‍ നടക്കും. ഇതിനുള്ള ഉപകരണങ്ങള്‍ എത്തിക്കഴിഞ്ഞു. തുരങ്കത്തിന്റെ ഡിസൈന്‍ ആണ് ജിയോ ടെക്‌നിക്കല്‍ ഇന്‍വെസ്റ്റിഗേഷനിലൂടെ തയ്യാറാക്കുന്നത്.
പദ്ധതി പൂര്‍ത്തിയായാല്‍ കോഴിക്കോട്‌വയനാട് ഗതാഗതം സുഗമമാവും. യാത്രാസമയം കുറയുകയും വിനോദസഞ്ചാര-വ്യാപാര മേഖലകള്‍ക്ക് വന്‍ ഉണര്‍വ് ലഭിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
പ്രവൃത്തി ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാവും. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍, വനം വന്യജീവി സംരക്ഷണ മന്ത്രി എ കെ ശശീന്ദ്രന്‍, പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളു, പ്രിയങ്ക ഗാന്ധി എംപി, എംഎല്‍എ മാരായ ലിന്റോ ജോസഫ്, ടി സിദ്ധിഖ്, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും