താമരശേരി ചുരത്തിലൂടെ ഒറ്റവരിയായി ചെറുവാഹനങ്ങൾ കടത്തിവിടും; ജാഗ്രത വേണമെന്ന് നിർദേശം

Small vehicles will be allowed to pass through Thamarassery churam in a single lane
29, August, 2025
Updated on 29, August, 2025 33

Small vehicles will be allowed to pass through Thamarassery churam in a single lane

മണ്ണിടിച്ചിൽ ഉണ്ടായ താമരശേരി ചുരം റോഡിലൂടെ ഒറ്റവരിയായ ചെറുവാഹനങ്ങള്‍ കടത്തിവിടാൻ തീരുമാനം. മഴ കുറയുന്ന സമയങ്ങളില്‍ മാത്രമാകും ഇളവ്. ഭാരമേറിയ വാഹനങ്ങള്‍ കടന്നുപോകാൻ അനുവദിക്കില്ല. ചുരത്തിലെ കല്ലും മണ്ണും പൂര്‍ണമായും നീക്കി. ജില്ലാ കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം

മഴ ശക്തമായി പെയ്യുന്ന സമയങ്ങളില്‍ വാഹന ഗതാഗതം അനുവദിക്കില്ല. താമരശേരി, വയനാട് ഭാഗങ്ങളില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ വരുത്താനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ഇതുവഴി പോകുന്ന വാഹനങ്ങള്‍ ജാഗ്രതയോടെയും വേഗത കുറച്ചും സഞ്ചരിക്കണം. ഇതുവഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂര്‍ റോഡും ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അടര്‍ന്നു നില്‍ക്കുന്ന പാറകള്‍ ഇനിയും റോഡിലേക്ക് വീഴാന്‍ സാധ്യതയുള്ളതിനാൽ പ്രദേശത്ത് മുഴുവന്‍ സമയ നിരീക്ഷണം ഏര്‍പ്പെടുത്തും. റോഡില്‍ രാത്രികാലത്ത് ആവശ്യത്തിന് വെളിച്ചം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗവും തഹസില്‍ദാറും ഉറപ്പുവരുത്തണം. ആവശ്യത്തിന് ക്രെയിനുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും സജ്ജമാക്കണം. ആംബുലന്‍സ് സര്‍വീസ് ഉറപ്പുവരുത്തുകയും പ്രദേശത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കാനും ജില്ലാകളക്ടര്‍ നിര്‍ദേശം നല്‍കി.

കുറ്റ്യാടി റോഡില്‍ വാഹനഗതാഗതം സുഗമമാക്കുന്നതിന് റോഡിലെ കുഴികള്‍ അടിയന്തരമായി അടയ്ക്കാനും രാത്രിസമയങ്ങളില്‍ വെളിച്ചം ഉറപ്പുവരുത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.






Feedback and suggestions