ടി സി യോഹന്നാന്‍ സുവര്‍ണത്തുടക്കമിട്ടു; ഒടുവില്‍ അബ്ദുല്ല അബൂബേക്കര്‍

Asian Athletics Championship begin tomorrow in Gumi, Korea
27, May, 2025
Updated on 30, May, 2025 20

Asian Athletics Championship begin tomorrow in Gumi, Korea

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ് തുടങ്ങിയ 1973ല്‍ ഇന്ത്യയുടെ സ്വര്‍ണമെഡല്‍ നേട്ടത്തില്‍ മലയാളി പങ്കാളിത്തമില്ലായിരുന്നു. 1975ല്‍ സോളില്‍ രണ്ടാം പതിപ്പില്‍ ടി സി യോഹന്നാന്‍ ലോങ് ജംപില്‍ സ്വര്‍ണം നേടിക്കൊണ്ട് കേരളത്തിന്റെ സുവര്‍ണ സംഭാവന തുടങ്ങി. അതേ മീറ്റില്‍ സുരേഷ് ബാബു ഡെക്കാത്‌ലനിലും സ്വര്‍ണം നേടി. പിന്നെ 1980കളില്‍ മലയാളി വനിതകള്‍ ഏഷ്യന്‍ സ്വര്‍ണം വാരിക്കൂട്ടിയപ്പോള്‍ പുരുഷന്മാര്‍ പിന്നാക്കം പോയി. 2007ല്‍ ട്രിപ്പിള്‍ ജംപ് ജയിച്ച് രഞ്ജിത്ത് മഹേശ്വരിയാണ് പുരുഷവിഭാഗത്തില്‍ വീണ്ടുമൊരു സ്വര്‍ണം കേരളത്തില്‍ എത്തിച്ചത്. 2017ല്‍ 400 മീറ്ററില്‍ മുഹമ്മദ് അനസ് യഹിയയും ഏറ്റവും ഒടുവില്‍ 2023 ല്‍ ട്രിപ്പിള്‍ ജംപില്‍ അബ്ദുല്ല അബു ബെക്കറും സ്വര്‍ണം നേടി.

മലയാളി വനിതകളുടെ ഏഷ്യന്‍ വിജയത്തിനു തുടക്കമിട്ടത് പി ടി ഉഷയാണ്. 1983ല്‍ 400 മീറ്റര്‍ ജയിച്ചു കൊണ്ട് സാന്നിധ്യമറിയിച്ചു. 1998ല്‍ റിലേയില്‍ സ്വര്‍ണവുമായി വിടവാങ്ങിയപ്പോള്‍ പി ടി ഉഷയുടെ പേരില്‍ ചേര്‍ക്കപ്പെട്ടത് 14 സ്വര്‍ണം. അതില്‍ പത്തും വ്യക്തിഗത ഇനങ്ങളില്‍.

പി ടി ഉഷ കഴിഞ്ഞാല്‍ കൂടുതല്‍ സ്വര്‍ണ മെഡല്‍ നേടിയ മലയാളി താരം ഷൈനി വില്‍സനാണ്. 1985ലും 89ലും 800 മീറ്റര്‍ ജയിച്ച ഷൈനി 1991ല്‍ 400 മീറ്ററില്‍ സ്വര്‍ണം നേടി.

ഷൈനിക്കു ശേഷം സുവര്‍ണ വിജയം കണ്ടത് 2000ല്‍ ആണ്. ബോബി അലോഷ്യസ് ഹൈജംപ് വിജയിച്ചു. 2005ല്‍ അഞ്ജു ബോബി ജോര്‍ജ് ലോങ് ജംപില്‍ ഒന്നാമതെത്തി. 2007ല്‍ സിനിമോള്‍ പൗലൂസ് 1500 മീറ്ററിലും ചിത്ര കെ.സോമന്‍ 400 മീറ്ററിലും സ്വര്‍ണം കരസ്ഥമാക്കി. 2011 ല്‍ മയൂഖ ജോണി ലോങ് ജംപില്‍ ആദ്യ സ്ഥാനക്കാരിയായി. 1500 മീറ്ററില്‍ പി യു ചിത്ര 2017 ലും 19ലും സ്വര്‍ണം നേടുക മാത്രമല്ല, 2019ല്‍ സമയം മെച്ചപ്പെടുത്തുകയും ചെയ്തു.

ഇന്ത്യയുടെ റിലേ വിജയങ്ങളില്‍ മലയാളി പ്രാതിനിധ്യം ശ്രദ്ധേയമാണ്. പ്രത്യേകിച്ച് വനിതകളുടെ റിലേയില്‍.

ഇരുപത്താറാമത് ഏഷ്യന്‍ അത്‌ലലറ്റിക്‌സ് ചാംപ്യന്‍ഷിപ് നാളെ കൊറിയയിലെ ഗുമിയില്‍ തുടങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ മലയാളി പ്രാതിനിധ്യം തന്നെ നാമമാത്രം. പുരുഷ വിഭാഗത്തില്‍ ട്രിപ്പിള്‍ ജംപില്‍ അബ്ദുല്ല അബുബെക്കറും റിലേയില്‍ ടി എസ് മനുവും റിന്‍സ് ജോസഫും ഉണ്ട്. വനിതകളില്‍ ആര്‍.അനു (400 മീറ്റര്‍ ഹര്‍ഡില്‍സ്), ആന്‍സി സോജന്‍ (ലോങ് ജംപ് ), ജിസ്ന മാത്യു (റിലേ) എന്നിവര്‍ ടീമിലെത്തി. ഇതില്‍ അബ്ദുല്ല നിലവില്‍ ചാംപ്യനാണ്. ആന്‍സി ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍ ജേത്രിയാണ്. പക്ഷേ, ഇന്ത്യന്‍ ടീമിന്റെ അവസാന ട്രയല്‍സ് ആയി കണക്കാക്കപ്പെട്ട ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ് കൊച്ചിയില്‍ കണ്ടപ്പോള്‍ മലയാളി താരങ്ങള്‍ ആരും ഫോമിലെത്തിയതായി തോന്നിയില്ല. ഗുമിയില്‍ ഇവരൊക്കെ ഫോം വീണ്ടെടുക്കട്ടെ.





Feedback and suggestions