Clashes at Kalyot Congress march
24, August, 2025
Updated on 24, August, 2025 64
![]() |
കാസർഗോഡ് കല്യോട്ട് കോൺഗ്രസ് മാർച്ചിൽ സംഘർഷം. പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെയാണ് പ്രതിഷേധം. പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് കല്യോട്ട് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരുന്നു
റിജിൽ മാക്കുറ്റിയാണ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തത്. ശരത്‌ലാലിന്റെയും കൃപേഷിന്റെയും കല്യോട്ടെ സ്മൃതികുടീരത്തിൽനിന്ന് ഏച്ചിലടുക്കത്തേക്ക് നീങ്ങിയ പ്രതിഷേധ മാർച്ചിനിടെയാണ് സംഘർഷം ഉണ്ടായത്. കല്യോട്ട് ടൗണിലേക്കാണ് നിലവിൽ പ്രതിഷേധം നടക്കുന്നത്. സമാധാനാന്തരീക്ഷം തകർന്നാൽ അതിനുത്തരവാദി സർക്കാരാണെന്ന് നേതാക്കൾ പറഞ്ഞു.
ഇരട്ടക്കൊലക്കേസിൽ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടവരിൽ നാലാംപ്രതി കെ.അനിൽകുമാർ, എട്ടാംപ്രതി സുബീഷ് വെളുത്തോളി എന്നിവർക്കാണ് പരോൾ അനുവദിച്ചത്. സുബീഷിന് 20 ദിവസത്തേക്കും അനിൽകുമാറിന് ഒരുമാസത്തേക്കുമാണ് പരോൾ നൽകിയത്. ഇരുവർക്കും ബേക്കൽ പൊലീസ് പരിധിയിൽ പ്രവേശിക്കാൻ അനുമതിയില്ല. പരോൾ നൽകുന്നത് ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന് ബേക്കൽ പൊലീസ് നേരത്തേ ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു. പ്രതികളുടെ പരോൾ അപേക്ഷ കോടതി തള്ളിയതിനുപിന്നാലെയാണ് സർക്കാരിന്റെ ആനുകൂല്യമുണ്ടായത്.