Child Rights Commission files case against headmaster for breaking student’s eardrum
18, August, 2025
Updated on 18, August, 2025 33
![]() |
കാസർഗോഡ് സ്കൂൾ പ്രധാനാധ്യാപകന്റെ മർദനത്തിൽ പത്താക്ലാസ് വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവത്തിൽ നടപടി.സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കാസർഗോഡ് കുണ്ടംക്കുഴി ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ എം അശോകനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ അസംബ്ലിക്കിടെ ആണ് പ്രശ്നങ്ങൾക്ക് തുടക്കം. ഹെഡ്മാസ്റ്റർ എം അശോകൻ വിദ്യാർഥികൾക്ക് നിർദേശങ്ങൾ നൽകുന്നതിനിടെ പത്താം ക്ലാസ് വിദ്യാർഥിയായ അഭിനവ് കൃഷ്ണ കാൽ കൊണ്ട് ചരൽ നീക്കി കളിച്ചു. ഇത് അധ്യാപകന് ഇഷ്ടപ്പെട്ടില്ല. കുട്ടിയെ വേദിയിലേക്ക് വിളിക്കുകയും മറ്റു കുട്ടികളുടെയും, അധ്യാപകരുടെയും മുന്നിൽവെച്ച് അടിക്കുകയും ചെയ്തു. അസംബ്ലി കഴിഞ്ഞയുടൻ അടികൊണ്ട് കരഞ്ഞുനിന്ന കുട്ടിയെ സമാധാനിപ്പിക്കാൻ അധ്യാപകൻ തന്നെ ശ്രമിക്കുകയും ചെയ്തു.
പൊലീസിനോട് അഭിനവ് തലകറങ്ങി വീണതാണെന്ന് ഹെഡ്മാസ്റ്റർ എം അശോകൻ കളവു പറഞ്ഞെന്നും കുട്ടി പറയുന്നുണ്ട്. ചെവിക്ക് വേദന കൂടിയതോടെ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കർണപുടം പൊട്ടിയ വിവരം അറിയുന്നത്. ഓപ്പറേഷൻ വേണമെന്നും ആറുമാസക്കാലം ചെവി നനയ്ക്കരുതെന്നുമാണ് ഡോക്ടറുടെ നിർദേശം. ഇതിനിടെ വീട്ടിലെത്തിയ അധ്യാപകരും പിടിഎ ഭാരവാഹികളും പ്രശ്നം ഒതുക്കി തീർക്കാൻ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.