Probe in students eardrum broken after being beaten by head master in Kasaragod
18, August, 2025
Updated on 18, August, 2025 36
![]() |
കാസർഗോഡ് കുണ്ടംകുഴിയിൽ സ്കൂൾ പ്രധാനാധ്യാപകന്റെ അടിയേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥിയുടെ കർണ്ണപുടം പൊട്ടിയ സംഭവം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ അന്വേഷിക്കും. അടിയേറ്റ വിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തും. വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ ഇന്ന് ബേഡകം പോലീസ് സ്റ്റേഷനിൽ പരാതി നൽകും. സംഭവത്തിൽ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് വിദ്യാർഥി സംഘടനകൾ
ഇന്ന് 11 മണിക്ക് ഡിഡിഇ സ്‌കൂളിലെത്തും. ഇന്ന് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുണ്ട്. പരീക്ഷയ്ക്ക് ശേഷം കുട്ടിയുടെ മൊഴി രേഖപ്പെടുത്തും. കുണ്ടംകുഴി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലേക്ക് എസ്എഫ്ഐ, കെ എസ് യു, എബിവിപി സംഘടനകൾ മാർച്ച് നടത്തും. പ്രധാനാധ്യപകൻ എം അശോകനെതിരെ നടപടി വേണമെന്നാണ് വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം.
സംഭവം ഒതുക്കി തീർക്കാൻ ഒരുലക്ഷം രൂപ വാഗ്ദാനം ചെയ്ത പിടിഎ ഭാരവാഹികൾക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. വിവരം പുറത്തുവന്നതോടെ സംസ്ഥാന ബാലാവകാശ കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പത്താം ക്ലാസ് വിദ്യാർഥിയെ അസംബ്ലിയ്ക്ക് നിൽക്കുന്നതിനിടെ പ്രധാനധ്യാപകൻ വേദിയിലേക്ക് വിളിച്ച് കരണത്തടിക്കുകയും ചെയ്തത്. ഇതിന് ശേഷം കുട്ടിയ്ക്ക് ചെവി വേദന രൂക്ഷമായപ്പോഴാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ് കർണപ്പുടം പൊട്ടിയതായി കണ്ടെത്തുന്നത്