വിഭജന ഭീതി ദിനം ആചരിക്കാനുള്ള നിര്‍ദേശം: ‘ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗം’ ; എംവി ഗോവിന്ദന്‍

CPIM about governor’s move to observe Partition Horrors Day
11, August, 2025
Updated on 11, August, 2025 38

CPIM about governor’s move to observe Partition Horrors Day

ആഗസ്ത് 14ന് വിഭജന ഭീതിയുടെ ഓര്‍മദിനമായി സര്‍വകലാശാലകളില്‍ ആചരിക്കാന്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് സര്‍ക്കുലര്‍ അയച്ച ഗവര്‍ണറുടെ നടപടി ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.

പരിപാടി സംഘടിപ്പിക്കാന്‍ വിസിമാര്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപവത്കരിക്കണമെന്നും വിദ്യാര്‍ഥി പങ്കാളിത്വം ഉറപ്പാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ആര്‍എസ്എസ് അജണ്ടയുടെ ഭാഗമായാണ് ഇത്തരമൊരു പരിപാടി ഗവര്‍ണര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ജനങ്ങള്‍ ഐക്യത്തോടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയപ്പോള്‍ സാമ്രാജ്യത്വത്തെ സഹായിക്കുന്ന നിലപാടാണ് ആര്‍എസ്എസ് സ്വീകരിച്ചത്. സ്വാതന്ത്ര്യ സമരകാലത്ത് വൈദേശിക ശക്തികള്‍ക്കെതിരെ പോരാടാന്‍ താത്പര്യം കാട്ടാതെ ‘ആഭ്യന്തര ശത്രുക്കള്‍’ക്കെതിരെ പടനയിക്കാന്‍ ഊര്‍ജ്ജം ചെലവഴിച്ചവരാണ് സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം കുറയ്ക്കാനായി വിഭജനഭീതിയുടെ ഓര്‍മദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്യുന്നത് – എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

ഇന്ത്യ – പാക് വിഭജനവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവന്ന വിഭജന ഭീതിദിനത്തെ കേന്ദ്രസര്‍ക്കാര്‍ പരിപാടിയായി മാറ്റിയത് മോദിയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിര്‍ബന്ധിതമായി ഈ ദിനം ആചരിക്കുന്നുണ്ട്. ഈ രീതി കേരളത്തില്‍ അടിച്ചേല്‍പ്പിക്കാനുള്ള ഗവര്‍ണര്‍ ആര്‍ലേക്കറുടെ നീക്കം അനുവദിക്കാനാവില്ല. ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള വേദിയായി കേരളത്തിലെ സര്‍വകലാശാലകളെ മാറ്റിയെടുക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരെ അക്കാദമിക് സമൂഹവും ബഹുജനങ്ങളും പ്രതിഷേധിക്കണം – എം വി ഗോവിന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.





Feedback and suggestions