Spotted leopard captured from Amboori dies
9, August, 2025
Updated on 9, August, 2025 49
![]() |
തിരുവനന്തപുരം അമ്പൂരിയിലെ കാരിക്കുഴിയിൽ നിന്ന് ഇന്നലെ മയക്കുവെടിവെച്ച് പിടികൂടിയ പുള്ളി പുലി ചത്തു. നെയ്യാർ ലയൺ സഫാരി പാർക്കിലെ കേജിൽ എത്തിച്ച പുലി ചികിത്സയ്‌ക്കിടെയാണ് ചത്തത്. പുലിയുടെ പോസ്റ്റ്മോർട്ടം നടത്തി,ശരീരം ലയൺ സഫാരി പാർക്കിൽ സംസ്കരിച്ചു. പുലിക്ക് നാലു വയസ് പ്രായം ഉണ്ട്. വലയിൽ കുടുങ്ങിയ പുലിയുടെ പരുക്ക് ഗുരുതരമായിരുന്നുവെന്നും വെറ്റിനറി ഡോക്ടർ അരുൺ കുമാർ പറഞ്ഞു. പുലിയുടെ ആന്തരിക അവയവങ്ങൾക്ക് പരുക്കേറ്റിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. പുലിക്കുട്ടിയുടെ ശരീരത്തിൽ പിടികൂടുമ്പോൾ തന്നെ പല ഭാഗങ്ങളിലും മുറിവുകൾ ഉണ്ടായിരുന്നു.
നെയ്യാർ ജലാശയത്തിന് അപ്പുറമുള്ള സെറ്റിൽമെൻറ് ഏരിയയിലാണ് ഇന്നലെ പുള്ളി പുലിയെ നാട്ടുകാർ കണ്ടത്. ടാപ്പിംഗ് തൊഴിലാളിയായ ഷൈജുവിനെ പുള്ളിപ്പുലി ആക്രമിക്കാൻ ശ്രമിച്ചു.ഷൈജു നിലവിളിച്ചതോടെ പുലി പിൻവാങ്ങി ഓടവേ പണിക്കെണി വലയിൽ കുടുങ്ങുകയായിരുന്നു. ഷൈജുവിന്റെ നില വിളികേട്ട് എത്തിയ പ്രദേശവാസി സുരേഷിനെയും പുലി ആക്രമിച്ചു.പിന്നാലെ നെയ്യാർ ഡാമിൽ നിന്ന് വനപാലകരും പൊലീസും സ്ഥലത്തെത്തി വെറ്റിനറി ഡോക്ടർ അരുൺകുമാറിന്റെ നേതൃത്വത്തിൽ പുലിയെ രണ്ട് തവണ മയക്കുവെടി വെക്കുകയായിരുന്നു. അതിനിടെ വല പൊട്ടിച്ച് ചാടിയ പുലി പച്ചപ്പിലേക്ക് മറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മയങ്ങിയ പുലിയെ കണ്ടെത്തിയത്.