White ants in the book of aesthetics and art film : Sabu Sankar ( General Secretary FILCA FILM SOCIETY Trivandrum)
6, August, 2025
Updated on 6, August, 2025 86
![]() |
സവർണ്ണ - ജന്മി - മാടമ്പിത്തരം എന്നൊക്കെയുള്ള പദങ്ങൾ പരിശോധിച്ചാൽ വാസ്തവത്തിൽ സവർണ്ണ ജാതി എന്തെന്ന് പോലും അറിയാത്തവർ ഇന്ന് ഏറെയാണെന്ന് കരുതേണ്ടിയിരിക്കുന്നു. അജ്ഞതകൊണ്ടുള്ള അധമവികാരമല്ലേ മലയാളത്തിൽ എവിടെയും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
എന്താണ് സവർണ്ണ ജാതി ? അത് ബ്രാഹ്മണരും ക്ഷത്രിയരുമാണ് . അടൂർ ഗോപാലകൃഷ്ണൻ ബ്രാഹ്മണ - ക്ഷത്രിയ വിഭാഗത്തിൽ പെടുന്ന ഒരു വ്യക്തിയല്ല. പിന്നെങ്ങനെ സവർണ്ണ വിഭാഗമാകും ?
സിന്ധു നദീതട ആര്യ വംശ സംസ്കൃത ഭാഷികളുടെ വിഭാഗമാണ് സവർണ്ണർ. സംസ്കൃത ഭാഷാസമ്പത്തിലെ ദർശനം പറയുന്നത് കർമ്മത്തിൽ ഉന്നതഗുണം പുലർത്തുന്ന മനുഷ്യനാണ് ഒന്നാമത്തേത്. കർമ്മത്തിൽ അല്പം കൂടി താഴ്ന്ന ഗുണം ചെയ്യുന്നവൻ രണ്ടാം തരം. തീർത്തും ഗുണനിലവാരം കർമ്മത്തിൽ ഇല്ലാത്തവൻ മൂന്നാം തരം. അധമഫലം ചെയ്യുന്നവൻ നാലാം തരം. ഈ ചാതുർവർണ്യ സങ്കൽപ്പം പിന്നീട് രൂപപ്പെട്ട സാമൂഹിക വ്യവസ്ഥയിൽ കർമ്മണാ എന്നതിന് പകരം ജന്മനാ എന്ന രീതിയിൽ സവർണ്ണ - അവർണ്ണ വിഭാഗങ്ങളാക്കി തിരിച്ചു. അങ്ങനെ സ്വഭാവികമായും ബ്രാഹ്മണ - ക്ഷത്രിയ ആര്യ വംശ വിഭാഗം സവർണ്ണരായി മാറി.
ആശയങ്ങൾ സൂക്ഷിക്കുന്ന , നിലനിർത്തുന്ന ഭാഷ , പ്രത്യേകിച്ച് സംസ്കൃത ഭാഷ, ആര്യവംശ വിഭാഗത്തിൻ്റെ ഭാഗമായതിനാൽ ബ്രാഹ്മണരും ക്ഷത്രീയരും സവർണ്ണരായിത്തീർന്നു .
പരിഷ്കൃതർ , പ്രവർത്തിയിൽ സദ്ഫലങ്ങൾ പ്രദാനം ചെയ്യുന്നവർ എന്നൊക്കെ സവർണ്ണർ എന്ന പദം വിവക്ഷിക്കുന്നു. ആര്യ വംശജർക്ക് മുൻപേ എത്തിയ ഹാരപ്പൻ - ദ്രാവിഡ വംശ സംസ്കാരത്തിൻ്റെ രേഖപ്പെടുത്തിയ ബൗദ്ധിക സമ്പത്ത് പ്രചാരത്തിൽ ഉണ്ടായിരുന്നില്ല എന്നതും ഹാരപ്പൻ - ദ്രാവിഡ വംശജർ സൈന്ധവ മേഖലയിൽ നിന്നും പലായനം ചെയ്യപ്പെട്ടു എന്നതും അവർ അന്യവത്കൃതരായി എന്നതും ആര്യാധിനിവേശ സാംസ്കാരിക ചരിത്ര പശ്ചാത്തലത്തിലുണ്ട്.
ആര്യവംശ സംസ്കൃതത്തിലെ ദർശനവും ഇതിഹാസങ്ങളും കാവ്യലോകവും സഹസ്രാബ്ദങ്ങളോളം മറ്റ് വംശജർക്ക് നിഷേധിക്കപ്പെട്ടിരുന്നു. ഇതിഹാസ കഥാപാത്രങ്ങൾ അവയുടെ ഉത്തമഗുണം കൊണ്ട് പിന്നീട് ദൈവങ്ങളായി. ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടത് ഇതിഹാസ കാലത്തിനു ശേഷമാണ്. കാരണം സംസ്കൃത ഇതിഹാസങ്ങളിൽ ( രാമായണം , മഹാഭാരതം ) ഒരിടത്തും ക്ഷേത്രങ്ങൾ ഇല്ല. യാഗങ്ങൾ ഉണ്ടായിരുന്നു. വേദകാല ദർശനങ്ങൾക്ക് പ്രതീകമായ ദൈവഭാവനകൾ യാഗങ്ങളിൽ കാണാം. അതാവട്ടെ മുനിമാരുടെ ആശ്രമങ്ങളിലും രാജാങ്കണങ്ങളിലും നടത്തിപ്പോന്നു.
നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ , ആര്യേതര വംശങ്ങളും മിശ്രവംശങ്ങളും പെരുകി വന്നപ്പോൾ , സംസ്കൃത ഇതിഹാസ കഥാപാത്രങ്ങളുടെ സ്വാധീനവും വ്യാപനവും മൂലം അവയൊക്കെയും ദൈവങ്ങളായി നമിക്കപ്പെട്ടു. ക്ഷേത്ര നിർമ്മിതികളുണ്ടായി. അവർണ്ണ ജാതി വിഭാഗങ്ങൾ പോലും സവർണ്ണവംശ സംസ്കൃത സാഹിത്യ ബിംബങ്ങളെ ആരാധിക്കുവാനും വിവിധ അവർണ്ണജാതി മനുഷ്യർക്കുള്ള പേരുകൾ പോലും ആക്കുവാനും തുടങ്ങി . ഒരു വികസിത രാജ്യത്ത് കമ്പ്യൂട്ടറോ മൊബൈൽ ഫോണോ മരുന്നോ കണ്ടുപിടിച്ചാൽ പിൽക്കാലത്ത് മറ്റ് രാജ്യസമൂഹങ്ങൾ അവ സ്വീകരിക്കാൻ തുടങ്ങുന്നത് പോലെ.
ഇവിടെ , അടൂർ ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടിയ ചലച്ചിത്ര നിർമ്മാണ വിഷയം സവർണ്ണ - അവർണ്ണ ജാതിയുടേതാണോ ? ആണെങ്കിൽ അടൂരിനെതിരെയുള്ള പദപ്രയോഗങ്ങൾ , വ്യാഖ്യാനങ്ങൾ , ആരോപണങ്ങൾ എന്നിവ പിഴച്ചു. നിരർത്ഥകം . അടൂർ ബ്രാഹ്മണ - ക്ഷത്രിയ സവർണ്ണ വിഭാഗമല്ല.
കർമ്മത്തിൻ്റെ , സൃഷ്ടിയുടെ ഗുണനിലവാരത്തെ കുറിച്ചാണെങ്കിൽ, നാല് നിലവാരത്തിൽ അളന്നു തിട്ടപ്പെടുത്തി, കലാസൃഷ്ടികളെ സവർണ്ണ - അവർണ്ണ ജാതികളാക്കാൻ പറ്റുമെന്ന് ഒരു വാദത്തിനു വേണ്ടി പറയാം . അങ്ങനെയെങ്കിൽ ഗുണനിലവാരമില്ലാത്ത സൃഷ്ടികൾ അവർണ്ണ വിഭാഗത്തിലുമാണ്. ജീർണ്ണകാലത്തിൻ്റെ ജാതിചിന്തയും വോട്ട് ബാങ്ക് ജാതി രാഷ്ട്രീയ മത്സരവും പ്രീണനവും പദവികളും അവയുടെ തമോഗുണതല പ്രതിനിധാനങ്ങളും ഒക്കെ പെരുകുമ്പോൾ , ചലച്ചിത്രകലയുടെ സാമൂഹിക - സൗന്ദര്യശാസ്ത്ര ധർമ്മങ്ങൾ സംബന്ധിച്ച ചർച്ചയിൽ ചിതലുകൾ കടന്നുവരുന്നു എന്നത് ഒരു സാംസ്കാരിക - മാധ്യമ വൈകൃതത്തിൻ്റെ ആരംഭമാണ് .
അടൂർ പറഞ്ഞതിൻ്റെ പൊരുൾ ചലച്ചിത്രകലയുടെ ഗുണനിലവാരത്തെ കുറിച്ചാണ്. അതിനുള്ള പ്രാപ്തിയെ കുറിച്ചാണ്. പൊതുസമൂഹത്തിൻ്റെ ധനം പാഴാക്കരുത് എന്ന സദുദ്ദേശത്തോട് കൂടിയാണ്. ഗുണനിലവാരം വേണമെങ്കിൽ മികച്ച പരിശീലനവും വേണം. ഏത് രംഗത്തും . സർക്കാർ ധനം എന്നത് പൊതുജനത്തിൻ്റെ ധനമാണ് എന്നത് പ്രധാനവുമാണ്. അത് ഒരു വിഭാഗത്തിന് വേണ്ടി ഉദ്ദേശ ശുദ്ധിയോടെ ചെവഴിക്കുമ്പോൾ പോലും ദുർവ്യയമാകരുത്. നിബന്ധനകൾ വേണം. അത്രമാത്രമല്ലേ അടൂർ ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടിയിട്ടുള്ളൂ ? അടൂർ ഗോപാലകൃഷ്ണൻ എന്ന വിശ്വചലച്ചിത്രകാരൻ്റെ സൃഷ്ടികൾ മലയാളിക്ക് മനസ്സിലാവുന്നില്ലെങ്കിലും അംഗീകരിക്കുന്നില്ലെങ്കിലും ആദരവ് നൽകുന്നില്ലെങ്കിലും അന്താരാഷ്ട്ര കലാലോകത്തിന് മനസ്സിലാവുന്നുണ്ട്. അവിടെ ഈ മലയാള പദ്മവിഭൂഷൺ ചലച്ചിത്രകാരന് അംഗീകാരവും ആദരവും ഉണ്ട്.
ചിതലുകയറാത്ത കലയുടെ ലാവണ്യ ശാസ്ത്ര പുസ്തകത്തിലെ ഏടുകൾ മലയാളിക്ക് നഷ്ടപ്പെടാതിരിക്കട്ടെ.
വർണ്ണം എന്നത് സ്വഭാവമാണ്, നിറം മാത്രമല്ല.