‘നോണ്‍വെജ് കഴിക്കുന്ന സീനുകള്‍ വരെ വെട്ടാന്‍ പറഞ്ഞിട്ടുണ്ട്, ‘പൊന്മുട്ടയിടുന്ന താറാവ്’ എന്ന് പേരുമാറ്റേണ്ടി വന്നതും സെന്‍സറിംഗ് കാരണം’; സെന്‍സര്‍ ബോര്‍ഡിനെതിരെ കോണ്‍ക്ലേവില്‍ വിമര്‍ശനം

criticism against censor board in cinema conclave
6, August, 2025
Updated on 6, August, 2025 27

criticism against censor board in cinema conclave

സിനിമാ കോണ്‍ക്ലേവില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ ഉയര്‍ന്നത് അതിരൂക്ഷ വിമര്‍ശനങ്ങള്‍. സെന്‍സറിംഗിന്റെ ചരിത്രവും സമീപകാലത്തുണ്ടായ പേരുമാറ്റ വിവാദങ്ങളും എടുത്ത് പറഞ്ഞായിരുന്നു വിമര്‍ശനങ്ങള്‍. സെന്‍സര്‍ബോര്‍ഡ് ഉണ്ടായത് ബ്രിട്ടീഷ് കാലത്താണ്, അക്കാലത്ത് പൊലീസ് കമ്മീഷണര്‍മാരായിരുന്നു സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. സ്വാതന്ത്ര്യാനന്തരം അതില്‍ മാറ്റം വന്നെങ്കിലും നിലപാടുകള്‍ മാറിയില്ല. നിരവധി വാണിംഗുകള്‍ അനാവശ്യമായി ഉപയോഗിക്കുന്നതിനാണ് സെന്‍സര്‍ബോര്‍ഡ് നിര്‍ബന്ധിക്കുന്നത്. ഇത് സിനിമാസ്വാദനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. 2014 മുതല്‍ ഇതേവരെ 12 സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചു. പല സിനിമകളുടേയും പേരുകള്‍ മാറ്റേണ്ടിവന്നു. കഥാപാത്രങ്ങളുടെ പേര് മാറ്റണമെന്ന് നിര്‍ദേശിക്കുന്നതുപോലുള്ള അബദ്ധങ്ങളാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നായിരുന്നു കോണ്‍ക്ലേവില്‍ ഉയര്‍ന്നുകേട്ട പ്രധാന ആരോപണം. (criticism against censor board in cinema conclave)

സെന്‍സര്‍ബോര്‍ഡിലേത് രാഷ്ട്രീയ നിയമനമാണ്. ഓരോ അംഗങ്ങളും സിനിമയെ സിനിമയായി കാണുന്നതിന് പകരം തങ്ങളുടെ സംഘടനയെ പ്രീണിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇത് നല്ല സിനിമയെ തകര്‍ക്കുന്നതിന് മാത്രമേ ഉപകരിക്കൂ. അതിനാല്‍ സെന്‍സര്‍സര്‍ട്ടിഫിക്കേഷന്‍ സംബന്ധിച്ച് ദേശീയതലത്തില്‍ പുതിയ നിയമം നടപ്പാക്കണമെന്നും കോണ്‍ക്ലേവില്‍ ആവശ്യമുയര്‍ന്നു.

സുഭാഷ് ചന്ദ്രബോസ് എന്ന സിനിമയുടെ പേര് സഭാഷ് ചന്ദ്രബോസ് എന്നാക്കേണ്ടിവന്നത് സെന്‍സര്‍ ബോര്‍ഡിന്റെ കടുംപടുത്തംമൂലമായിരുന്നു.
സിനിമ കാണാതെതന്നെ സിനിമയുടെ പേര് മാറ്റാന്‍ പറയുന്നു. ഭരണകക്ഷിയുടെ നിക്ഷിപ്ത താല്‍പര്യം അടിച്ചേല്‍പ്പിക്കുന്നു, രാഷ്ട്രീയ അജണ്ട അടിച്ചേല്‍പ്പിക്കേണ്ട ഇടമായി സിനിമയെ മാറ്റരുതെന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ പൊതു അഭിപ്രായം.

താങ്ക്സ് കാര്‍ഡിലെ പേര് മാറ്റാന്‍ ആവശ്യപ്പെട്ട സെന്‍സര്‍ ഓഫീസര്‍മാര്‍ വരെ ഉണ്ടായിരുന്നുവെന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും മുന്‍ സെന്‍സര്‍ബോര്‍ഡ് അംഗവുമായിരുന്ന ഭാഗ്യലക്ഷ്മിയുടെ ആരോപണം. ഒരാളെ വെട്ടിക്കൊല്ലുന്ന സീനില്‍ അയാളുടെ കയ്യില്‍ ഒരു ചരട് കെട്ടിയത് ശ്രദ്ധയില്‍പ്പട്ടതിനാല്‍ ആ സീന്‍ ഒഴിവാക്കണമെന്ന് സെന്‍സര്‍ഓഫീസര്‍ നിര്‍ദേശിച്ചിരുന്നതായും അവര്‍ വെളിപ്പെടുത്തി. കഥാപാത്രത്തിന്റെ പേര് ഉന്നത കുലജാതിക്കാരനാണെങ്കില്‍ അവര്‍ നോണ്‍വെജ് കഴിക്കുന്നസീന്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ചരിത്രമുണ്ട്. ലണ്ടനില്‍ ഷൂട്ട് ചെയ്ത സീനില്‍ കുതിരയുണ്ടായിരുന്നു, അതിന്റെ പേരില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവച്ച വിചിത്രമായ നടപടിയുണ്ടായിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി

എഴുത്തുകാരനായ ജോര്‍ജ് ഓണക്കൂറും തന്റെ കാലത്തുണ്ടായ രണ്ട് സെന്‍സര്‍ അനുഭവങ്ങള്‍ ചര്‍ച്ചയില്‍ പങ്കുവച്ചു. അത് സത്യന്‍ അന്തിക്കാടിന്റെ പൊന്‍മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിന്റേ പേര് മാറ്റേണ്ടി വന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. കത്രിക വച്ച് ശരിപ്പെടുത്തുന്നതാണ് സെന്‍സര്‍ബോര്‍ഡിന്റെ കടമയെന്ന് തെറ്റിദ്ധരിച്ചവരാണ് അംഗങ്ങള്‍. സിനിമ സമൂഹത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന മാധ്യമമാണ് എന്നതിനാലാണ് കരുതല്‍ ആവശ്യമായി വരുന്നത്. സിനിമയെ സിനിമയായി കാണുന്നവരായിരിക്കണം സെന്‍സര്‍ ബോര്‍ഡില്‍ ഉണ്ടാവേണ്ടത്. സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നവരായിരിക്കണം അംഗങ്ങള്‍. കലാപരമായ സൃഷ്ടിയാണ് സിനിമയെന്ന ബോധ്യം ഉണ്ടാവണം. ‘ഞങ്ങളുടെ കൊച്ചുഡോക്ടര്‍’ എന്ന സിനിമയില്‍ നഴ്സുമാര്‍ നൃത്തം ചെയ്യുന്നൊരു സീനുണ്ട്. അത് മാറ്റണമെന്നാവശ്യപ്പെട്ട് നഴ്സുമാരുടെ സംഘടന സെന്‍സര്‍ബോര്‍ഡിനെ സമീപിച്ചതും ഓണക്കൂര്‍ ഓര്‍ത്തു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായുള്ള അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാവരുത് സിനിമ. ദേശവിരുദ്ധത ഉണ്ടാവരുത്. നമ്മുടെ സംസ്‌കാരത്തേയും രാജ്യസ്നേഹത്തേയും ഹനിക്കുന്നതാവരുത് സിനിമ. രാഷ്ട്രീയം, ജാതി ചിന്ത എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതാവരുത് സിനിമ. ശാസ്ത്രത്തിന്റെ വികാസ ഘട്ടത്തില്‍ നാം പിന്നോക്കം പോവുന്നതാണ് കാണുന്നത്. സെന്‍സര്‍ബോര്‍ഡിന്റെ മേല്‍വിലാസത്തില്‍ രാഷ്ട്രീയമായ നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് നല്ല സിനിമയെ തകര്‍ക്കുമെന്നും ജോര്‍ജ് ഓണക്കൂര്‍ അഭിപ്രായപ്പെട്ടു.

ജാതിയും രാഷ്ട്രീയവും വ്യക്തമായി നോക്കുന്നവര്‍, പല ന്യൂജെന്‍സിനിമകളിലും പച്ചയായി മയക്കുമരുന്ന് ഉപയോഗിക്കുന്ന സീനുകള്‍ ഉള്‍പ്പെടുത്തുന്നു. എങ്ങനെ മയക്കുമരുന്ന് ഉപയോഗിക്കണമെന്ന് പഠിപ്പിക്കുന്ന രീതിയിലുള്ള സീനുകളാണ് ഇവ. ഇതൊന്നും പാടില്ലെന്ന് പറയാന്‍ ഒരു സെന്‍സര്‍ബോര്‍ഡും ഇവിടെയില്ല. പുതിയ ചിത്രങ്ങളില്‍ ഭീകര ദൃശ്യങ്ങളാണ് ഉള്‍പ്പെടുത്തുന്നത്. വയലന്‍സിന്റെ അതിപ്രസരമുള്ള ചിത്രങ്ങള്‍ ഒരു കുഴപ്പവുമില്ലാതെ സെന്‍സര്‍ ചെയ്യപ്പെടുന്നു. ഇതില്‍ പുനര്‍വിചിന്തനം നടത്തണമെന്ന അഭിപ്രായമാണ് ചര്‍ച്ചയിലാകമാനം ഉയര്‍ന്നു കേട്ടത്.






Feedback and suggestions